മേപ്പടിയാന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ്; തിയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ്; തിയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ എന്ന ചിത്രം നാല് വര്‍ഷത്തെ കാത്തിരിപ്പാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത് സിനിമയുടെ ഭാഗമായ എല്ലാവരുടെയും തീരുമാനത്തെ തുടര്‍ന്നാണെന്നും ഉണ്ണി മുകുന്ദന്‍ ദ ക്യുവിനോട് പറഞ്ഞു. മേപ്പടിയാന്‍ തിയേറ്ററിന് വേണ്ടി നിര്‍മ്മിച്ച സിനിമയാണ്. അത് ആസ്വദിക്കേണ്ടത് തിയേറ്ററില്‍ ഇരുന്നുകൊണ്ടാണെന്നും ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ പറഞ്ഞത്:

ഞാന്‍ തിയേറ്ററില്‍ സിനിമ കണ്ട് സിനിമയിലേക്ക് വന്ന ആളാണ്. ഒടിടി തീര്‍ച്ചയായും നല്ലൊരു പ്ലാറ്റ്‌ഫോം തന്നെയാണ്. മലയാളം പോലുള്ള റീജ്യണല്‍ ഭാഷ സിനിമകള്‍ ലോകപ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഒടിടിക്ക് സാധിക്കും. പക്ഷെ എന്നിരുന്നാലും നമ്മുടെ നാട്ടിലെ പ്രേക്ഷകരുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് കളഞ്ഞ് കൊണ്ട് ഒടിടി വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മേപ്പടിയാന്‍ എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ വേണ്ടിയാണ്. അത് തീയേറ്ററില്‍ ഇരുന്ന് ആസ്വദിക്കേണ്ട സിനിമയാണ്.

ഇതൊരിക്കലും കൊവിഡ് സമയത്ത് എഴുതിയ സ്‌ക്രിപ്പ്റ്റല്ല. നാല് വര്‍ഷം മുന്‍പാണ് ഈ കഥ എന്റെ കയ്യില്‍ എത്തുന്നത്. 13 വര്‍ഷമായി സിനിമയിലേക്ക് വരാന്‍ കാത്തിരിക്കുന്ന ഒരു വ്യക്തിയുടെ തിരക്കഥയാണിത്. അതുകൊണ്ടാണ് കൊവിഡ് സാഹചര്യം നിലനില്‍ക്കെ ഒടിടി എന്നൊരു വഴി നമ്മുടെ മുന്നില്‍ വന്നിട്ടും അവിടെ ചിത്രം റിലീസ് ചെയ്യാതിരുന്നത്. എങ്കിലും ഒടിടിക്ക് കൊടുക്കാമെന്ന തീരുമാനത്തില്‍ ഞാന്‍ എത്തിയിരുന്നു. കാരണം കൊവിഡ് കാരണം തിയേറ്റര്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. സിനിമ എത്രകാലം പിടിച്ച് വെക്കാനാവും എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. നിര്‍മ്മാതാവ് ഞാനാണെങ്കിലും ഇത് ഒരു സംവിധായകന്റെ കൂടി സിനിമയാണ്, അതില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും സിനിമയാണ്. അതുകൊണ്ട് എല്ലാവരുടെയും തീരുമാനമായിരുന്നു മേപ്പടിയാന്‍ തിയേറ്ററില്‍ റിലീസ് ചെയ്താലാണ് നന്നാവുക എന്നത്. ആ തീരുമാനത്തില്‍ എനിക്ക് അതിയായ സന്തോഷവും ഉണ്ട്.

ഉണ്ണി മുകുന്ദന്‍ കേന്ദ്രകഥാപാത്രമായ ചിത്രം ഇന്നാണ് (ജനുവരി 14) തിയേറ്ററില്‍ റിലീസ് ചെയ്തത്. ജയകൃഷ്ണന്‍ എന്ന തനി നാട്ടിന്‍പുറംകാരന്‍ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യന്‍ നായികയാവുന്ന ചിത്രത്തില്‍.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.

Related Stories

No stories found.
The Cue
www.thecue.in