'ക്രൂരമായ മരണത്തില്‍ അവസാനിക്കുന്ന യുദ്ധം'; സ്‌ക്വിഡ് ഗെയിമിനെ ലഖിംപൂര്‍ സംഘര്‍ഷവുമായി താരതമ്യം ചെയ്ത് ട്വിങ്കിള്‍ ഖന്ന

'ക്രൂരമായ മരണത്തില്‍ അവസാനിക്കുന്ന യുദ്ധം'; സ്‌ക്വിഡ് ഗെയിമിനെ ലഖിംപൂര്‍ സംഘര്‍ഷവുമായി താരതമ്യം ചെയ്ത് ട്വിങ്കിള്‍ ഖന്ന

നെറ്റ്ഫ്‌ലിക്‌സ് സീരീസായ സ്‌ക്വിഡ് ഗെയിമിനെ ലഖിംപൂര്‍ ഖേരിയിലെ സംഘര്‍ഷവുമായി താരതമ്യം ചെയ്ത് മുന്‍ ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. സ്‌ക്വിഡ് ഗെയിമിനെ ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി ട്വിങ്കിള്‍ ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി എഴുതിയ ബ്ലോഗ് പോസ്റ്റിലാണ് ലഖിംപൂര്‍ സംഘര്‍ഷത്തെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. 'എനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ ഇന്ത്യക്കാര്‍ സ്‌ക്വിഡ് ഗെയിം കളിക്കുന്നവരാണ്' എന്നാണ് ട്വിങ്കിള്‍ പറയുന്നത്.

സ്‌ക്വിഡ് ഗെയിമിലെ അവസാനത്തെ ഗെയിമിനെയാണ് ട്വിങ്കിള്‍ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക്ക് നേരെ കാര്‍ ഓടിച്ച് കയറ്റി കൊല്ലപ്പെടുത്തിയ സംഭവവുമായി താരതമ്യം ചെയ്തത്.

'രണ്ടായി വേര്‍തിരിക്കപ്പെട്ട ഒരു സ്ഥലത്താണ് സീരീസിലെ അവസാന ഗെയിം നടക്കുന്നത്. മത്സരാര്‍ത്ഥികളെ ഡിഫന്റേഴ്‌സ് ഫൈറ്റേഴ്‌സ് രണ്ട് വിഭാഗമായി വേര്‍ത്തിരിച്ചിട്ടുണ്ട്. അവര്‍ തമ്മിലുള്ള ഗെയിം അവസാനിക്കുന്നത് ക്രൂരമായ മരണത്തോടെയാണ്. അടുത്തിടെ നമ്മുടെ രാജ്യം മുഴുവനും കുറച്ച് വൈറല്‍ വീഡിയോകള്‍ക്ക് സാക്ഷികളായിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ ഒരു ടീമിന്റെ മേല്‍ അവരുടെ എതിരാളികള്‍ എസ്‌യുവിയും ജീപ്പും ഓടിച്ച് കയറ്റിയതാണ് നമ്മള്‍ കണ്ടത്.' എന്നാണ് ട്വിങ്കിള്‍ കുറിച്ചത്.

കര്‍ഷക സമരത്തിന് എതിരായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര നടത്തിയ പ്രസ്താവനകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിയുടെ സന്ദര്‍ശനം തടയാനാണ് കര്‍ഷകര്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഒത്തുകൂടിയത്. അവര്‍ക്കിടയിലേക്കാണ് മന്ത്രിയുടെ മകന്‍ വാഹനം ഇടിച്ച് കയറ്റിയത്. സംഭവത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അതില്‍ നാല് പേര്‍ കര്‍ഷകരായിരുന്നു.

അതേസമയം റിലീസ് ചെയ്ത ഒരു മാസത്തിനുള്ളില്‍ 111 മില്യണ്‍ ആളുകളാണ് സ്‌ക്വിഡ് ഗെയിം എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് കണ്ടത്. 90 രാജ്യങ്ങളില്‍ ടോപ് വണ്‍ സ്ഥാനത്ത് തുടരുകയാണ് സ്ട്രീമിംഗ് തുടങ്ങിയത് മുതല്‍ സ്‌ക്വിഡ് ഗെയിം. 31 ഭാഷകളില്‍ സബ് ടൈറ്റിലിനൊപ്പവും 13 ഡബ്ബിംഗ് പതിപ്പുകളുമാണ് സ്‌ക്വിഡ് ഗെയിമിന്റെതായി ലഭ്യമാക്കിയിരിക്കുന്നത്.

സെപ്തംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിം എന്ന സൗത്ത് കൊറിയന്‍ ഡിസ്ടോപ്യന്‍ ഡ്രാമാ സീരീസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് സീരീസിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in