വീണ്ടും പോലീസ് ഓഫീസറായി ടൊവിനോ; 'അന്വേഷിപ്പിന്‍ കണ്ടെത്തും' പോസ്റ്റര്‍

വീണ്ടും പോലീസ് ഓഫീസറായി ടൊവിനോ; 'അന്വേഷിപ്പിന്‍ കണ്ടെത്തും' പോസ്റ്റര്‍

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുരിയാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂഡ് നല്‍കുന്നതാണ് പോസ്റ്റര്‍. ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് ടൊവിനോ എത്തുന്നത്. ആദം ജോണ്‍ സിനിമയുടെ സംവിധായകന്‍ ജിനു വി എബ്രഹാമാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത കല്‍ക്കിക്ക് ശേഷം ഇതാദ്യമായാണ് ടൊവിനോ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ സ്ക്രീനിലെത്തുന്നത്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയിലെ പുതിയ പോസ്റ്ററില്‍ യൂണിഫോം അണിഞ്ഞ് നില്‍ക്കുന്ന ടൊവിനോയെ കാണാം. രണ്ട് യുവതികള്‍ ഒരു പാതയുടെ രണ്ട് വശത്തേക്ക് നടന്നു നീങ്ങുന്നതായും പോസ്റ്ററില്‍ ദൃശ്യമാണ്. അത് ചിത്രത്തിന്‍റെ കഥക്ക് ആധാരമായുള്ള അന്വേഷണത്തിന്‍റെ സൂചനകളാകാം.

കഴിഞ്ഞ വര്‍ഷം ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍, ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, കുഞ്ചാക്കോബോബന്‍ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഫസ്റ്റ് ലുക് പുറത്ത് വിട്ടത്. തിയേറ്റര്‍ ഓഫ് ഡ്രീംസ്, സരേ ഗമ എന്നിവരുടെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുരിയാക്കോസ് എന്നിവര്‍ക്കൊപ്പം സരേഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാദരന്‍ ഛായാഗ്രഹണവും സന്തോഷ് നാരായണന്‍ സംഗീതവും നല്‍കുന്നു. എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത് സൈജു ശ്രീധരനാണ്.