
കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രമി'ല്‍ നടന് സൂര്യ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യയുടെ ഭാഗങ്ങള്‍ ചെന്നൈയില്‍ വെച്ച് ചിത്രീകരിച്ചുവെന്നും സിനിമയില്‍ ക്ലൈമാക്സിലായിരിക്കും സൂര്യ ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സൂര്യയും കമല്‍ ഹാസനും ഒരുമിച്ചുള്ള വീഡിയോയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഒരു സിനിമ സെറ്റില്‍ വെച്ച് ഇരുവരും സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അതിന് പിന്നാലെയാണ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കമല്‍ ഹാസനൊപ്പം സൂര്യ പ്രധാന വേഷത്തിലെത്തുമെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം മെയ് 15ന് ചെന്നൈയില്‍ വെച്ച് നടക്കുന്ന 'വിക്രമി'ന്റെ ഓഡിയോ ലോഞ്ചില്‍ സൂര്യ പങ്കെടുക്കുമെന്നും സൂചനയുണ്ട്. ജൂണ്‍ 3നാണ് 'വിക്രം' തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ കമല്‍ഹാസനോടൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ നരേന്, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും അണിനിരക്കുന്നു.
ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ. ജല്ലിക്കട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഗംഗാധരന് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രമാണ് 'വിക്രം'. വിജയ് ചിത്രം സര്‍ക്കാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചതും ഗിരീഷ് ഗംഗാധരന് ആയിരുന്നു. കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.