'എന്നെ കഴിഞ്ഞ ആറ് കൊല്ലമായി അവാര്‍ഡിന് പരിഗണിച്ചില്ലല്ലോ, എന്റെ കാര്യം ചോദിക്ക്'; ഇന്ദ്രന്‍സ് വിവാദത്തില്‍ സുരേഷ് ഗോപി

'എന്നെ കഴിഞ്ഞ ആറ് കൊല്ലമായി അവാര്‍ഡിന് പരിഗണിച്ചില്ലല്ലോ, എന്റെ കാര്യം ചോദിക്ക്'; ഇന്ദ്രന്‍സ് വിവാദത്തില്‍ സുരേഷ് ഗോപി

ഇന്ദ്രന്‍സിനും ഹോം എന്ന സിനിമക്കും സംസ്ഥാന പുരസ്‌കാര നിര്‍ണയത്തില്‍ അവഗണന നേരിട്ടെന്ന വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കപ്പെടാറില്ലെന്ന് സുരേഷ് ഗോപി.

ഹോം സിനിമയെയും ഇന്ദ്രന്‍സിനെയും സംസ്ഥാന അവാര്‍ഡിന് പരിഗണിക്കാതിരുന്നതില്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ:

''ഹേയ് അതൊന്നും എന്നോട് ചോദിക്കല്ലേ, എന്റെ സിനിമ ഇത്രയും കാലം പരിഗണിച്ചില്ലല്ലോ, കഴിഞ്ഞ ആറ് വര്‍ഷം പരിഗണിച്ചില്ലല്ലോ, ഇവിടുന്ന് തെരഞ്ഞെടുത്ത് നാഷനല്‍ അവാര്‍ഡിന് പോലും അയക്കുന്നില്ലല്ലോ, അപ്പോത്തിക്കിരിക്ക് എന്താണ് കുഴപ്പം. അതൊന്നും നിങ്ങള്‍ ചോദിച്ചില്ലല്ലോ. എന്റെ കാര്യം ചോദിക്ക്, വല്ലവരുടെയും കാര്യം ചോദിക്കല്ലേ.''

ഇന്നലെയായിരുന്നു 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിനത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമത്തില്‍ ഹോം സിനിമയെ ജൂറി പരിഗണിച്ചില്ലെന്ന ആരോപണവുമായി വന്നത്. ഹോം സിനിമ ജൂറി കണ്ടിട്ടില്ലെന്ന ആരോപണവുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു.

'വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി അവാര്‍ഡ് തീരുമാനം തിരുത്തുമോ. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല. ഹൃദയം നല്ലതാണ്, എന്നാല്‍ ഹോമിനെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് വെക്കാമായിരുന്നു. വിജയ് ബാബുവിനെതിരായ പരാതിയും ഹോം തഴയപ്പെടാന്‍ കാരണമായിരിക്കാം. ഒടിടി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പലരും അറിയുന്നത് ഹോം സിനിമ കണ്ടതിന് ശേഷമാണ്', എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

എന്നാല്‍ വിജയ് ബാബുവിന്റെ വിഷയം ഒരു തരത്തിലും ജൂറിയെ സ്വാധീനിച്ചിട്ടില്ലെന്നായിരുന്നു ജൂറി ചെയര്‍മാന്‍ സയ്യിദ് മിശ്ര പറഞ്ഞത്. 'എനിക്ക് ഹോം സിനിമയുടെ നിര്‍മാതാവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇന്നാണ് ഞാന്‍ അതേ കുറിച്ച് അറിയുന്നത്. അതുകൊണ്ട് ആ വിഷയം ജൂറിയെ സ്വാധീനിച്ചിട്ടില്ല. അതൊരിക്കലും ജൂറിയെ സ്വാധീനിക്കാനും പാടില്ല. കാരണം സിനിമ എന്നത് ഒരു വ്യക്തിയെയോ അയാളുടെ സ്വഭാവത്തെയോ ബന്ധപ്പെട്ട വിഷയമല്ല. സിനിമ സിനിമയാണ്. എല്ലാ ജൂറി മെമ്പര്‍മാരും ഐകകണ്‌ഠേനെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തില്‍ ഹോം ഉണ്ടായിരുന്നില്ല,' എന്നാണ് സയ്യിദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in