ഇന്ന് അമ്മയുടെ ജന്മദിനം, ദുഖാചരണങ്ങള്‍ അവസാനിപ്പിച്ച് ജോലിയിലേക്ക് ഞാന്‍ മടങ്ങുന്നു: സിദ്ധാര്‍ത്ഥ്

ഇന്ന് അമ്മയുടെ ജന്മദിനം, ദുഖാചരണങ്ങള്‍ അവസാനിപ്പിച്ച് ജോലിയിലേക്ക് ഞാന്‍ മടങ്ങുന്നു: സിദ്ധാര്‍ത്ഥ്

അന്തരിച്ച നടി കെപിഎസി ലളിതയുടെ ജന്മദിനത്തില്‍ പുതിയ ചിത്രമായ ജിന്നിന്റെ ടീസര്‍ റിലീസ് ചെയ്ത് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. അമ്മയുടെ ജന്മദിനത്തില്‍ തന്നെ സിനിമയുടെ ടീസര്‍ റിലീസ് ചെയ്ത് താന്‍ ജോലിയിലേക്ക് മടങ്ങുകയാണെന്ന് സിദ്ധാര്‍ത്ഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ കെപിഎസി ലളിതയും അഭിനയിച്ചിട്ടുണ്ട്. ഫെബ്രുവരി 22നായിരുന്നു കെപിഎസി ലളിത അന്തരിച്ചത്.

'അമ്മയുടെ വിയോഗത്തിന്റെ 16ാം ദിനമായിരുന്നു ഇന്നലെ. ദുഃഖാചരണങ്ങള്‍ അവസാനിച്ചു. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ജിന്നിന്റെ ടീസര്‍ റിലീസ് ചെയ്തുകൊണ്ട് ഈ ദിവസത്തില്‍ തന്നെയാവണം ജോലിയിലേക്കുള്ള എന്റെ മടങ്ങിവരവ് എന്ന് ഞാന്‍ തീരുമാനിച്ചു. അമ്മയുടെ നഷ്ടത്തില്‍ എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്'; സിദ്ധാര്‍ത്ഥ്.

സൗബിന്‍ ഷാഹിറാണ് ജിന്നിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, ജിലു ജോസഫ്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവരും ജിന്നില്‍ അഭിനയിക്കുന്നു.

Related Stories

No stories found.
The Cue
www.thecue.in