'ഭദ്രന്‍ കലാമൂല്യത്തെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളും നോക്കണം, ജൂറിക്ക് താത്പര്യം കച്ചവട സിനിമകള്‍': ഷരീഫ് ഈസ അഭിമുഖം

'ഭദ്രന്‍ കലാമൂല്യത്തെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളും നോക്കണം, ജൂറിക്ക് താത്പര്യം കച്ചവട സിനിമകള്‍': ഷരീഫ് ഈസ അഭിമുഖം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കലാമൂല്യമുള്ള സിനിമകള്‍ കുറവായിരുന്നു എന്ന സംവിധായകന്‍ ഭദ്രന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച് ആണ്ടാള്‍ സംവിധായകന്‍ ഷരീഫ് ഈസ. കലാമൂല്യത്തെ കുറിച്ച് ഭദ്രന്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കൂടി പരിശോധിക്കണമല്ലോ എന്ന് ഷരീഫ് ദ ക്യൂവിനോട് പറഞ്ഞു. ആദ്യ സിനിമയായ കാന്തന് 2018ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച സംവിധായകന്‍ കൂടിയാണ് ഷെരീഫ്.

ജൂറിക്ക് താത്പര്യം കച്ചവട സിനിമകളാണ്. ആണ്ടാള്‍ മാത്രമല്ല സമാന്തര സിനിമകള്‍ ഒന്നും തന്നെ പരിഗണിക്കപ്പെട്ടിട്ടില്ല. ആണ്ടാളിലെ പ്രധാന കഥാപാത്രമായ ഇര്‍ഷാദിന് പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജൂറിയുടെ ഭാഗത്തുനിന്ന് പരാമര്‍ശം പോലുമുണ്ടായില്ലെന്നും ഷെരീഫ്.

ഭദ്രന്‍ കലാമൂല്യത്തെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കൂടി നോക്കണമല്ലോ

'ജൂറി പൊതുവെ വിലയിരുത്തിയത് എല്ലാം നല്ല സിനിമകളാണ്, പുതിയ കാലത്ത് നവാഗതരുടെ സിനിമകള്‍ ഒരുപാട് ഉണ്ടായി, മലയാള സിനിമക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്നൊക്കെയാണ്. പക്ഷെ ഭദ്രന്‍ സാര്‍ പറഞ്ഞത് മൂന്നോ നാലോ സിനിമകള്‍ മാത്രമെ നല്ല സിനിമകള്‍ ഉള്ളു. ബാക്കിയെല്ലാം മോശം സിനിമകളാണ് എന്ന തരത്തിലാണ് അദ്ദഹത്തിന്റെ ഒരു പ്രസ്താവന ഉണ്ടായിട്ടുള്ളത്. അതിനെതിരെയാണ് ഞാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. പിന്നെ ഭദ്രന്‍ കലാമൂല്യത്തെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ചെയ്ത സിനിമകള്‍ കൂടി നോക്കണമല്ലോ. കുറേ ഐറ്റം ഡാന്‍സും, അടിപിടിയും ഗിമിക്കുകളും, സ്ത്രീ വിരുദ്ധതയും ഒക്കെയുള്ള സിനിമകളാണല്ലോ അദ്ദേഹം ചെയ്തിരിക്കുന്നത്.

ഇര്‍ഷാദിന് പുരസ്‌കാരം പ്രതീക്ഷിച്ചു

ആണ്ടാളിലെ ഇരുളപ്പന്‍ എന്ന കഥാപാത്രം ചെയ്ത ഇര്‍ഷാദിന് പുരസ്‌കാരം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ 25 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ഇടക്ക് നന്നായി ചെയ്യാന്‍ പറ്റിയൊരു കഥാപാത്രമായിരുന്നു ഇരുളപ്പന്‍. പക്ഷെ അതിന് ഒരു രീതിയിലുള്ള പരാമര്‍ശവും ജൂറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

ജൂറിക്ക് താത്പര്യം കച്ചവട സിനിമകള്‍

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തിന് ഇടയില്‍ മൂന്നാംകിട നടന്‍മാരെ പോലും ഉയര്‍ത്തിക്കൊണ്ട് അവരെയൊക്കെ മികച്ച താരങ്ങളാക്കുന്ന തരത്തിലാണ് അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം പുരസ്‌കാരങ്ങള്‍ കൂടുതലും കച്ചവട സിനിമകള്‍ക്ക് എന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്. അത് ജൂറിയുടെ താത്പര്യത്തിന് അനുസരിച്ചാണ്.

സമാന്തര സിനിമകള്‍ ഒന്നും തന്നെ പരിഗണിക്കപ്പെട്ടില്ല

ആണ്ടാള്‍ മാത്രമല്ല സമാന്തര സിനിമകള്‍ ഒന്നും തന്നെ പരിഗണിക്കപ്പെടാത്ത തരത്തിലുള്ള അവലോകനമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. മൊത്തത്തില്‍ ജൂറി കച്ചവട സിനിമകളുടെ ആള്‍ക്കാരാണ്. അപ്പൊ സ്വാഭാവികമായും ആ തരത്തിലെ പുരസ്‌കാരങ്ങളും വരുകയുള്ളു. നമ്മള്‍ അതിശയിച്ച് പോകുന്നത് എന്‍ ശശിധരന്‍ മാഷിനെ പോലെയും ഇ.പി രാജഗോപാലനെ പോലെയുള്ള പ്രഗ്തഭരും സിനിമയെ കൃത്യമായി നിരൂപണ നടത്തുന്നവരും ജൂറിയില്‍ ഉണ്ടായിട്ടും അവര്‍ നിസഹായരായി മാറിപ്പോയോ എന്നതാണ്.

ആണ്ടാള്‍ ഒടിടി റിലീസ് ഡിസംബറില്‍

ആണ്ടാള്‍ തിയറ്റര്‍ റിലീസ് ഇല്ല. ഒടിടിയില്‍ ഡിസംബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കാന്തന്‍ ഐഎഫ്എഫ്‌കെയില്‍ കണ്ടപ്പോഴാണ് അത്തരത്തിലുള്ള ഒരു സബജക്റ്റ് ഉണ്ടെങ്കില്‍ ചെയ്യാമെന്ന് ഇര്‍ഷാദ് പറയുന്നത്. അദ്ദേഹത്തോട് ആണ്ടാളിന്റെ ത്രെഡ് പറഞ്ഞപ്പോള്‍ ഷ്ടപ്പെട്ടു. അങ്ങനെ ഇര്‍ഷാദിനെ ആ കഥാപാത്രത്തിന്റെ രൂപത്തിലും എല്ലാ തരത്തിലും മാറ്റി കൊണ്ട് വന്നു. അങ്ങനെയാണ് പ്രൊജക്റ്റ് നടക്കുന്നത്.

മാറ്റി നിര്‍ത്തപ്പെടുന്നവരുടെ ജീവിതമാണ് പറയുന്നത്

ആദ്യത്തെ സിനിമയായ കാന്തന്‍ വയനാട്ടിലെ അടിയ വിഭാഗത്തില്‍ പെടുന്ന ആദിവാസികളെ കുറിച്ച് പറയുന്ന സിനിമയാണ്. ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാനായിരുന്നു ഞങ്ങള്‍ ആദ്യം തീരുമാനിച്ചത്. അവരെ കേന്ദ്രീകരിച്ചല്ല, സാധാരണ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ ലൊക്കേഷന്‍ നോക്കാന്‍ വേണ്ടിയാണ് വയനാട് പോയത്. അങ്ങനെയാണ് അവരെ കുറിച്ച് കൂടുതല്‍ പഠിക്കുകയും കാന്തന്‍ എന്ന സിനിമ ഉണ്ടാകുന്നതും. പിന്നീടാണ് ഇത്തരം മനുഷ്യരെ കുറിച്ചുള്ള സിനിമ ചെയ്യുക എന്ന തീരുമാനത്തിലെത്തുന്നത്. അങ്ങനെ ഇരിക്കെയാണ് ഗവിയില്‍ ഒരു ഫോട്ടോഗ്രാഫി ക്യാമ്പിന് വേണ്ടി പോയിരുന്നു. അവിടെ വെച്ചാണ് ഇങ്ങനെയുള്ള മനുഷ്യരെ കാണുന്നത്. പിന്നെ തിരക്കഥാകൃത്ത് പ്രമോദുമായി വിഷയം പങ്കുവെച്ചു. അങ്ങനെയാണ് ആണ്ടാള്‍ ഉണ്ടാവുന്നത്. നമ്മുടെ കൈയ്യില്‍ ആദ്യം ഒരു സ്‌ക്രിപ്പ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. അവിടെ പോയി ആളുകളുമായി ഇടപെഴുകി അവരുടെ കാര്യങ്ങള്‍ മനസിലാക്കിയെടുത്ത് എഴുതിയ സിനിമയാണ്. എപ്പോഴും മാറ്റി നിര്‍ത്തപ്പെടുന്നവരുടെ ജീവിതം പറയുക എന്നുള്ളതാണ്. സിനിമയില്‍ ഇര്‍ഷാദിനും മറ്റ് നാല് ആര്‍ട്ടിസ്റ്റുകളുമല്ലാതെ ബാക്കിയെല്ലാം അവിടെയുള്ള മനുഷ്യര്‍ തന്നെയാണ്. അവരെയും കൂടി സിനിമയിലേക്ക് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രൊജക്റ്റാണ്.

Related Stories

No stories found.
logo
The Cue
www.thecue.in