ഷറഫുദ്ദീൻ അണ്ടർറേറ്റഡ് നടൻ, പുതിയ ചിത്രം ക്രൈം കോമഡി ഡ്രാമയെന്ന് സെന്ന ഹെഗ്‌ഡെ

ഷറഫുദ്ദീൻ അണ്ടർറേറ്റഡ് നടൻ, പുതിയ ചിത്രം ക്രൈം കോമഡി ഡ്രാമയെന്ന് സെന്ന ഹെഗ്‌ഡെ

പുതിയ ചിത്രമായ '1744 WA' ക്രൈം കോമഡി ഡ്രാമയെന്ന് സംവിധായകൻ സെന്ന ഹെഗ്‌ഡെ. ഷറഫുദീൻ മാത്രമേ ഈ കഥാപാത്രമാകുവാൻ തന്റെ മനസിലുണ്ടായിരുന്നുള്ളുവെന്നും സെന്ന ഹെഗ്‌ഡെ പറഞ്ഞു. ഒരു അണ്ടർ റേറ്റഡ് നടനാണ് ഷറഫുദ്ദീൻ എന്നും അദ്ദേഹത്തിന്റെ കഴിവ് പരമാവധി ഉപയോഗിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും സെന്ന കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു പ്രതികരണം.

"ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കാൻ ഞങ്ങൾ താൽക്കാലികമായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സെറ്റിലും മറ്റും പരിമിതമായ ആളുകളുടെ എണ്ണം പോലെയുള്ള എന്തെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്നറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. ഞങ്ങൾ ആരംഭിച്ചതിന് ശേഷം ഷൂട്ട് തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു". ചിത്രത്തിന്റെ ടൈറ്റിലിൽ ഡബ്ല്യുഎ എന്നത് വൈറ്റ് ആൾട്ടോയെ സൂചിപ്പിക്കുന്നതാണെന്ന് സെന്ന ഹെഗ്‌ഡെ പറഞ്ഞു.

"ഇതൊരു വ്യത്യസ്തമായ ക്രൈം കോമഡി ഡ്രാമയാണ്, അതിൽ കുറച്ച് റോഡ് ട്രിപ്പ് ഘടകങ്ങളുമുണ്ട്. എന്റെ ഇതുവരെയുള്ള എല്ലാ സിനിമകൾക്കും അവരുടേതായ നർമ്മബോധമുണ്ട്, ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിൽ കഥയെ നയിക്കുന്നത് പ്ലോട്ടാണ്, ഒരുപിടി വിചിത്ര കഥാപാത്രങ്ങൾ കണ്ടുമുട്ടിയതിന് ശേഷമാണ് കഥ വികസിക്കുന്നത്. സിനിമയ്ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന മൂന്ന് ആഖ്യാന ത്രെഡുകൾ ഉണ്ട്, അവ ചില സമയങ്ങളിൽ സാമൂഹികമായ അഭിപ്രായവും നർമ്മവും കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു". സെന്ന ഹെഗ്‌ഡെ കൂട്ടിച്ചേർത്തു.

"ചിത്രത്തിൽ ഷറഫുദ്ദീൻ ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. ഷറഫുദീൻ മാത്രമേ ഈ കഥാപാത്രമാകുവാൻ എന്റെ മനസിലുണ്ടായിരുന്നുള്ളു, ഒരു നടനെന്ന നിലയിൽ എവിടെ നിന്നാണ് ഷറഫുദ്ദീൻ തുടങ്ങിയതെന്ന് നിരീക്ഷിക്കുന്നത് രസകരമാണ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, ഒരു അണ്ടർറേറ്റഡ് നടനാണെന്ന് എനിക്ക് തോന്നുന്നു. ഭാഗ്യവശാൽ, ഷറഫുദീന് ഈ കഥ ഇഷ്ടപ്പെടുകയും സിനിമയുടെ ഭാഗമാകുവാൻ സമ്മതിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ കഴിവ് ഞങ്ങൾ പരമാവധി ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു", എന്നും സെന്ന ഹെഗ്‌ഡെ വ്യക്തമാക്കി.

സംസ്ഥാന അവാർഡ് നേടിയ ചിത്രം തിങ്കളാഴ്ച നിശ്ചയം പോലെ, കാസർഗോഡ് കാഞ്ഞങ്ങാട് വച്ചാണ് പുതിയ ചിത്രവും ചിത്രീകരിക്കുന്നത്. എന്നിരുന്നാലും, കഥ നടക്കുന്നത് അവിടെയല്ല, മറിച്ച് കേരളത്തിലെ ഒരു സാങ്കൽപ്പിക സ്ഥലത്താണ്. പ്രത്യേകിച്ച് സ്ലാംഗൊന്നും ഉപയോഗിച്ചിട്ടില്ലയെന്നും സെന്ന ഹെഗ്‌ഡെ പറഞ്ഞു.

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ പദ്മിനി എന്ന ചിത്രം പ്രഖ്യാപിച്ചെങ്കിലും പിന്നീട് സിനിമയെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നില്ല. അതിനു പിന്നാലെയാണ് പുതിയ ചിത്രമായ ‘1744 ഡബ്ല്യുഎ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ഷറഫുദ്ദീൻ കൂടാതെ രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മദന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദനും ശ്രീജിത്ത് നായരും വിനോദ് ദിവാകറും ചേര്‍ന്നാണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in