കൊട്ടമധുവും ഗാങ്ങും ക്രിസ്തുമസിന് എത്തും , ഷാജി കൈലാസിന്റെ 'കാപ്പ' ഡിസംബറില്‍

കൊട്ടമധുവും ഗാങ്ങും ക്രിസ്തുമസിന് എത്തും , ഷാജി കൈലാസിന്റെ 'കാപ്പ' ഡിസംബറില്‍

ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥയെ ആസ്പദമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ക്രിസ്തുമസ് റിലീസായി തിയ്യേറ്ററുകളിലെത്തും, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബര്‍ 22നാണ് റിലീസ് ചെയ്യുന്നത്. കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിലുണ്ട്.

ജിആര്‍ ഇന്ദുഗോപന്റെ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കുന്ന ചിത്രത്തില്‍ കൊട്ടമധു എന്ന കാരക്ടറെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ഗുണ്ടാ ഗാങ്ങുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇതാദ്യമായാണ് ആസിഫ് അലി ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്. ദിലീപ് നാഥ് കലാ സംവിധാനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷ് നിര്‍വഹിക്കുന്നു. സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചു ജെയുമാണ്. മേക്കപ്പ് സജി കാട്ടാക്കട. സ്റ്റില്‍സ്ഹരിതിരുമല.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ് കാപ്പ. സിനിമയുടെ ആദ്യമായി പുറത്തുവന്ന മോഷന്‍ പോസ്റ്ററിലും വേണുവായിരുന്നു സംവിധായകന്റെ സ്ഥാനത്ത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറ ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്

Related Stories

No stories found.
The Cue
www.thecue.in