'അത് സ്ത്രീവിരുദ്ധതയല്ല, സ്‌നേഹമാണ്, ഉപദ്രവിക്കാന്‍ പറഞ്ഞതല്ല'; നരസിംഹത്തിലെ ഡയലോഗിനെ കുറിച്ച് ഷാജി കൈലാസ്

'അത് സ്ത്രീവിരുദ്ധതയല്ല, സ്‌നേഹമാണ്, ഉപദ്രവിക്കാന്‍ പറഞ്ഞതല്ല'; നരസിംഹത്തിലെ ഡയലോഗിനെ കുറിച്ച് ഷാജി കൈലാസ്

ഷാജി കൈലാസ് സംവിധാനം ചെയ്ത 'നരസിംഹം' എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ സമൂഹമാധ്യമത്തില്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. 'നരസിംഹ'ത്തില്‍ ഐശ്വര്യയുടെ കഥാപാത്രത്തോട് മോഹന്‍ലാല്‍ 'വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരാക്ക് വീട്ട് വന്ന് കയറുമ്പോള്‍' എന്ന് തുടങ്ങുന്ന ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസാണ് കൂടുതലും ചര്‍ച്ചയായിട്ടുള്ളത്. ഇപ്പോഴിതാ ആ ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് ഷാജി കൈലാസ് തന്നെ സംസാരിച്ചിരിക്കുകയാണ്.

'ആ ഡയലോഗിനെ സ്ത്രീ വിരുദ്ധമായി കാണരുത്. അത്രത്തോളം സ്‌നേഹത്തോടെയാണ് ആ ഡയലോഗ് അവിടെ പറഞ്ഞിട്ടുള്ളത്. എനിക്കൊരു പെണ്ണിനെ വേണം എന്ന് പറയുമ്പോള്‍, അവള്‍ ഞാന്‍ ഉണ്ടെടാ എന്ന് പറഞ്ഞ് കെട്ടിപിടിക്കുന്ന സാഹചര്യമാണ്. അത് ഒരിക്കലും ഉപദ്രവിക്കാന്‍ പറയുന്നതല്ല', ഷാജി കൈലാസ് പറഞ്ഞു. ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഷാജി കൈലാസിന്റെ വാക്കുകള്‍:

നരസിംഹത്തിലെ ഡയലോഗ് 26 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ്. അന്ന് ആരും ഒരു പൊളിറ്റിക്കല്‍ കറക്ടനസും ആ ഡയലോഗിന് പറഞ്ഞിട്ടില്ല. കാരണം നമുക്ക് ഇഷ്ടമാണത്. ഒരു പെണ്‍കുട്ടിയെ അത്രത്തോളം സ്‌നേഹിക്കുന്നു എന്നതുകൊണ്ടാണ് ആ കുട്ടിയുടെ അടുത്ത് എന്തും പറയാന്‍ കഴിയുന്നത്. അതായാത് അവിടെയൊരു മറവില്ല. രണ്ട് മതിലിന് അപ്പുറത്ത് നിന്ന് സംസാരിക്കുന്നത് പോലെ ഒരു ആണും പെണ്ണും സംസാരിക്കരുത്. എന്തും ഓപ്പണായി സംസാരിക്കാന്‍ സാധിക്കണം ഒരു പെണ്‍കുട്ടിയുടെ അടുത്ത്. അപ്പോഴേ ആ പെണ്‍കുട്ടി ഓപ്പണാകുകയുള്ളു. ഒരിക്കലും ഒരു പെണ്‍കുട്ടി എവിടെയും റിവീല്‍ ആകില്ല. അത് പെണ്‍വര്‍ഗം എന്ന് പറയുന്ന സാധനമല്ല, പെണ്‍കുട്ടികള്‍. അവരെ പഠിക്കാനും സാധിക്കില്ല. അവര്‍ അങ്ങനെ പൊയ്‌ക്കോണ്ടിരിക്കുകയാണ്.

അപ്പോള്‍ നമ്മുടെ കഥാപാത്രങ്ങള്‍ എടാ പോടാ എന്ന് വിളിക്കുന്ന സമയമാണ്. അങ്ങനെയൊരു സമയത്താണ് അദ്ദേഹം അത് പറയുന്നത്. അത്രത്തോളം സ്‌നേഹത്തോടെയാണ് ആ ഡയലോഗ് പറയുന്നത്. ഒരിക്കലും ഒരു സ്ത്രീ വിരുദ്ധത അവിടെ കാണരുത്. ആ സ്‌നേഹമാണ് അവിടെ കൊടുത്തത്. എനിക്കൊരു പെണ്ണിനെ വേണം എന്ന് പറയുമ്പോള്‍, അവള്‍ ഞാന്‍ ഉണ്ടെടാ എന്ന് പറഞ്ഞ് കെട്ടിപിടിക്കുന്ന സാധനമാണത്. അതായത് അവര്‍ അത്രത്തോളം പരസ്പരം അറിഞ്ഞ സംഭവമാണത്. നമുക്ക് ഇഷ്ടപ്പെട്ട കുട്ടിയുടെ അടുത്തല്ലെ നമുക്ക് അത് പറയാന്‍ സാധിക്കുകയുള്ളു. അത് ഒരിക്കലും ഉപദ്രവിക്കാന്‍ പറയുന്നതല്ല. ജീവിതത്തിലേക്ക് കയറുന്നതാണ്. അയാള്‍ വളരെ ജോളി ആയ ഒരാളാണ്. അപ്പോള്‍ അത്രത്തോളം സന്തോഷത്തോടെ നമുക്ക് ലൈഫ് കൊണ്ട് പോകാമെന്നാണ് പറയുന്നത്. അല്ലാതെ വേറെയൊന്നുമല്ല. ആ ഡയലോഗിനെ വേറൊരു ആങ്കിളില്‍ കാണരുത്.

അവന്‍ അങ്ങനെ പറഞ്ഞില്ലേ, ആ കുട്ടിയെ ഇങ്ങനെ പ്രസവിപ്പിക്കാനാണോ കൊണ്ടു പോകുന്നത്. അങ്ങനെ ചിന്തിക്കരുത്. അതെല്ലാം ഇഷ്ടം കൊണ്ടാണ് പറഞ്ഞു പോകുന്നത്. അത് ഇഷ്ടപെട്ട കുട്ടികളോടല്ലെ പറയാന്‍ സാധിക്കൂ. ആ കുട്ടിക്കും തിരിച്ച് അത്തരത്തില്‍ പറയാം. അതുകൊണ്ടാണ് ഞാന്‍ കുട്ടികള്‍ ഓപണാകണം എന്ന് പറഞ്ഞത്. ഇയാള്‍ മാത്രമാണല്ലോ അങ്ങനെ പറഞ്ഞത്, ഞാനും പറഞ്ഞില്ലല്ലോ എന്ന് പറയരുത്. അത് അപ്പോള്‍ തന്നെ തിരിച്ച് പറയണം. എന്നാലെ അതിന് രസമുള്ളൂ. നമ്മള്‍ ഒരിക്കലും രണ്ടായിട്ട് മാറി നില്‍ക്കരുത്. അത്രത്തോളം മനസുകൊണ്ട് ഇഷ്ടപ്പെടുമ്പോഴേ നമുക്ക് എല്ലാം പറയാന്‍ സാധിക്കുകയുള്ളു.

Related Stories

No stories found.
logo
The Cue
www.thecue.in