ഷാഹി കബീർ സംവിധായകനാകുന്നു, സൗബിൻ ഷാഹിർ നായകൻ; 'ഇലവീഴാപൂഞ്ചിറ'

ഷാഹി കബീർ സംവിധായകനാകുന്നു, സൗബിൻ ഷാഹിർ നായകൻ; 'ഇലവീഴാപൂഞ്ചിറ'

തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഇലവീഴാപൂഞ്ചിറ' ഷൂട്ടിംഗ് ആരംഭിച്ചു. ജോസഫ്, നായാട്ട്, റൈറ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ഷാഹി കബീർ. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഡോൾബി വിഷൻ 4k എച്ച്ഡിആറിൽ പുറത്തിറങ്ങുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകത 'ഇലവീഴാപൂഞ്ചിറ'യ്ക്കുണ്ട്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിലാണ് ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' സ്ഥിതി ചെയ്യുന്നത്. ആ നാട്ടിലെ പോലീസ് വയർലെസ്സ് സ്റ്റേഷനു മുന്നിൽ നിൽക്കുന്ന സൗബിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

നിധീഷ് ജിയും, ഷാജി മാറാടും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ദൃശ്യങ്ങൾക്കും ശബ്ദങ്ങൾക്കും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും 'ഇലവീഴാപൂഞ്ചിറ' ഒരുക്കുന്നത്. അജയൻ അടാട്ടാണ് സൗണ്ട് ഡിസൈൻ. 'ജോസഫിന്' ഛായാഗ്രഹണം നിർവഹിച്ച മനേഷ് മാധവനാണ് 'ഇലവീഴാപൂഞ്ചിറക്കും' ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് കിരൺ ദാസ്. അനിൽ ജോൺസണാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in