'വാരിയംകുന്നന്റെ യഥാര്‍ത്ഥ ഫോട്ടോ പുറത്തുവിടുന്നു', സിനിമക്ക് മുമ്പേ പുസ്തകമെന്ന് തിരക്കഥാകൃത്ത് റമീസ്

'വാരിയംകുന്നന്റെ യഥാര്‍ത്ഥ ഫോട്ടോ പുറത്തുവിടുന്നു', സിനിമക്ക് മുമ്പേ പുസ്തകമെന്ന് തിരക്കഥാകൃത്ത് റമീസ്

വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയ്ക്ക് മുമ്പ് ജീവചരിത്ര പുസ്തകം പുറത്തുവിടുകയാണെന്ന് തിരക്കഥാകൃത്ത് റമീസ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ശേഖരിച്ച രേഖകളില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഫോട്ടോയും ഉള്‍പ്പെടുന്നുണ്ടെന്ന് റമീസ് പറയുന്നു. 'സുല്‍ത്താന്‍ വാരിയംകുന്നന്‍'എന്നാണ് പുസ്തകത്തിന്റെ പേര്.

ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചത്. അതിന് പുറമെ വാരിയംകുന്നന്‍ അമേരിക്കയിലേക്ക് അയച്ച സന്ദേശവും റിസേര്‍ച്ചിന്റെ ഭാഗമായി കണ്ടെത്താനായി. ബ്രിട്ടണ്‍, ഓസ്‌റ്റ്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപ്പൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍ക്കൈവുകളില്‍ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും കണ്ടെത്താന്‍ സാധിച്ചുവെന്നും റമീസ് വെളിപ്പെടുത്തി.

പുറത്തിറങ്ങാന്‍ പോകുന്ന ജീവചരിത്ര പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നന്റെ ഫോട്ടോ ആയിരിക്കും. ഒക്ടോബര്‍ 29നാണ് പുസ്തകത്തിന്റെ പ്രകാശനം മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് നടക്കുക. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറയാണ് പുസ്തക പ്രകാശനം നടത്തുക.

റമീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസര്‍ച്ച് ടീം. ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങള്‍ പലയിടത്തുനിന്നുമായി ഞങ്ങള്‍ക്ക് ലഭിച്ചു. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോട്ടോകള്‍ അവയിലുള്‍പ്പെടും.

എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നന്‍ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയില്‍ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കന്‍ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. അതു പോലെ ബ്രിട്ടണ്‍, ഓസ്‌റ്റ്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപ്പൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍ക്കൈവുകളില്‍ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താന്‍ കഴിഞ്ഞു എന്നതും വളരെയധികം അഭിമാനമായി കരുതുന്നു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേര്‍ചിത്രങ്ങളാണ്.

ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാല്‍ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഞാന്‍ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങള്‍ പങ്കുവയ്ക്കുകയാണ്. 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ഫോട്ടോ ആയിരിക്കും. അതെ, വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്.

ആ പുസ്തകം, ഈ വരുന്ന ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറ പ്രകാശനം ചെയ്യും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇന്‍ഷാ അല്ലാഹ്

എല്ലാവരുടെയും സഹകരണവും പ്രാര്‍ഥനയും പ്രതീക്ഷിക്കുന്നു.'

പൃഥ്വിരാജിനെ നായകനാക്കി ആഷിക്ക് അബുവാണ് വാരിയംകുന്നന്‍ സംവിധാനം ചെയ്യാനിരുന്നത്്. എന്നാല്‍ അടുത്തിടെ ഇരുവരും ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കോമ്പസ് മുവീസ് സിനിമ മറ്റൊരു നായകനും സംവിധായകനുമൊപ്പം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാരിയംകുന്നന്‍ ഏറ്റവും മികച്ച കലാമികവോടെ ആഗോള സിനിമാ ലോകത്തേക്ക് എത്തിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in