ഒറ്റക്കൊമ്പന് വീണ്ടും പൂട്ട്, ഹര്‍ജി തള്ളി സുപ്രീം കോടതി

ഒറ്റക്കൊമ്പന് വീണ്ടും പൂട്ട്, ഹര്‍ജി തള്ളി സുപ്രീം കോടതി

സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്‍ വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല. ഒറ്റക്കൊമ്പന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

canon

ഒറ്റക്കൊമ്പന്‍ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം സമര്‍പ്പിച്ച പകര്‍പ്പവകാശ കേസില്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. രണ്ടു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.

ഒറ്റക്കൊമ്പന്റെ നിര്‍മ്മാതാക്കളോട് കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നോ കടുവ എന്നോ പേരിലുള്ള തിരക്കഥയുടെ നിര്‍മ്മാണ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രസ്തുത സിനിമ നിര്‍മ്മിക്കുകയോ റിലീസ് ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട ജില്ലാ കോടതിയുടെ തീരുമാനം 2021 ഏപ്രിലില്‍ ഹൈക്കോടതി ശരിവച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കേസ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ് ഒറ്റക്കൊമ്പന്റെ നിര്‍മ്മാതാക്കള്‍. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ഒറ്റക്കൊമ്പന്‍ നിര്‍മ്മിക്കുന്നത്. മാത്യൂസ് തോമസാണ് സംവിധാനം. ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥ.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ നായകനാക്കി തയ്യാറാക്കിയ അതേ തിരക്കഥയിലാണ് ഒറ്റക്കൊമ്പന്‍ എന്ന സിനിമ എന്നായിരുന്നു കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ ആരോപണം. ഒറ്റക്കൊമ്പന്‍ നിര്‍മ്മാതാക്കളും സംവിധായകനും ഈ വാദം നിഷേധിച്ചിരുന്നു. ഒറ്റക്കൊമ്പനിലെയും കടുവയിലെയും നായകന്മാര്‍ക്ക് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് പേര്. 2020ല്‍ സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നു. 2020 ഓഗസ്റ്റില്‍ ഒറ്റക്കൊമ്പന്‍ സ്റ്റേ ചെയ്യാന്‍ ഉത്തരവിടുന്നതിന് മുമ്പ് കോടതി രണ്ട് കക്ഷികളുമായി നാല് ഹിയറിംഗുകള്‍ നടത്തിയിരുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്. വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, സീമ എന്നിവരും പൃഥ്വിരാജിനൊപ്പമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2022 ജൂണില്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in