'പ്രതികരിക്കാത്ത മഹാനടന്‍മാര്‍ക്ക് വാഴപ്പിണ്ടി അയക്കും'; പൃഥ്വിരാജിന് പിന്തുണയുമായി സേവ് കേരള ബ്രിഗേഡ്

'പ്രതികരിക്കാത്ത മഹാനടന്‍മാര്‍ക്ക് വാഴപ്പിണ്ടി അയക്കും'; പൃഥ്വിരാജിന് പിന്തുണയുമായി സേവ് കേരള ബ്രിഗേഡ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട പൃഥ്വിരാജിന് പിന്തുണയുമായി തൃശൂരില്‍ യുവാക്കള്‍ പ്രകടനം നടത്തി. മുല്ലപ്പെരിയാര്‍ പൊളിച്ച് ജനജീവിതം സുരക്ഷിതമാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന 'സേവ് കേരള ബ്രിഗേഡി'ന്റെ തൃപ്രയാര്‍ എടമുട്ടം യൂണിറ്റാണ് പിന്തുണയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് മുല്ലപ്പെരിയാര്‍ ഡികമ്മീഷന്‍ ചെയ്യണമെന്ന് സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് പൃഥ്വിരാജിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. താരത്തിന്റെ കോലം കത്തിക്കുയും തമിഴ്‌നാട്ടില്‍ മലയാളി നടന്‍മാരെ വിലക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജിന് സേവ് കേരള ബ്രിഗേഡ് പിന്തുണ പ്രഖ്യാപിച്ചത്.

പൃഥ്വിരാജിന്റെ ആരാധകരല്ലെന്നും തമിഴ്നാട്ടില്‍ നടനെതിരെ പ്രതിഷേധം നടന്ന സാഹചര്യത്തില്‍ പിന്തുണ നല്‍കുകയാണെന്നും സേവ് കേരള ബ്രിഗേഡ് പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മഹാനടന്‍മാര്‍ ആരും ഇതിനേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അവരില്‍ നിന്ന് പ്രതികരണമില്ലാത്ത പക്ഷം, അവരുടെ വീട്ടിലേക്ക് വാഴപ്പിണ്ടി അയക്കുമെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

വസ്തുതകളും കണ്ടെത്തലും എന്തുതന്നെയായാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ന്യായീകരണം അര്‍ഹിക്കുന്നില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. ഭരണസംവിധാനങ്ങളെ വിശ്വസിക്കാനേ സാധിക്കൂ, അവര്‍ ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാമെന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു നടന്റെ പ്രതികരണം.