'കശ്മീരി ഹിന്ദുക്കളെ അപമാനിച്ചു, മാപ്പ് പറയണം': ബോയ്‌കോട്ട് സായ് പല്ലവിയെന്ന് സംഘപരിവാര്‍

'കശ്മീരി ഹിന്ദുക്കളെ അപമാനിച്ചു, മാപ്പ് പറയണം': ബോയ്‌കോട്ട് സായ് പല്ലവിയെന്ന് സംഘപരിവാര്‍

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരില്‍ മുസ്ലിങ്ങളെ കൊല്ലുന്നതും തമ്മില്‍ എന്താണ് വ്യത്യാസമെന്ന നടി സായ് പല്ലവിയുടെ പരാമര്‍ശത്തിന് പിന്നാലെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍. സായ് പല്ലവി കശ്മീരി ഹിന്ദുക്കളെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നുമാണ് സംഘപരിവാര്‍ അനുകൂലികള്‍ ട്വീറ്റ് ചെയ്യുന്നത്. ബോയ്‌കോട്ട് സായ് പല്ലവി എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്റിങ്ങായിരുന്നു.

കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ പശുവിനെ കടത്താന്‍ ശ്രമിച്ചതില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുമായി എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ സാധിക്കുന്നതെന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ചോദ്യം. സായ് പല്ലവിയുടെ സിനിമകള്‍ വിലക്കുമെന്നും കാണില്ലെന്നും പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഗ്രെയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി കശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. 'ദി കശ്മീര്‍ ഫൈല്‍സ് എന്ന സിനിമ കാണിച്ചത് കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ്. കുറച്ച് നാള്‍ മുന്നെ പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ചതിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അയാള്‍ മുസ്ലീമാണെന്ന് കരുതിയാണ് ആ കൊല നടന്നത്. അയാളെ കൊന്നതിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം എന്ന് വിളിക്കുകയും ചെയ്തു. മതത്തിന്റെ പേരിലുള്ള അക്രമങ്ങളാണ് ഇതെല്ലാം. അപ്പോള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും ഇപ്പോള്‍ നടന്ന സംഭവത്തിനും തമ്മില്‍ എവിടെയാണ് വ്യത്യാസമുള്ളത്?', എന്നാണ് സായ് പല്ലവിയുടെ ചോദ്യം.

'കശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് കശ്മീരി ഫയല്‍സ് എന്ന ചിത്രത്തിലൂടെ അവര്‍ കാണിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് നമ്മള്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതും കൊല്ലുന്നതും അതിന് ശേഷം ജയ് ശ്രീറാം എന്ന് വിളിക്കുന്നതും കണ്ടു', എന്നും സായ് പല്ലവി പറഞ്ഞു.

'എന്നെ സംബന്ധിച്ച് അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. എന്റേത് ഒരു നിഷ്പക്ഷ കുടുംബമാണ്. അവര്‍ എന്നെ ഒരു നല്ല മനുഷ്യനാകാനാണ് പഠിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണം. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെങ്കില്‍ ഒരു ഭാഗം മാത്രം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നില്ല'എന്നും അവര്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in