സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍

സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍

സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചു, പിന്‍തുടര്‍ന്ന് ശല്യം ചെയ്തു എന്നീ പരാതിയിലാണ് സനല്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് സനലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉടനെ തന്നെ അറസ്റ്റ് രേഖപ്പെടുത്തും.

കുറച്ച് ദിവസങ്ങളായി സനല്‍കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ മഞ്ജു വാര്യരെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയിലാണെന്നുമായിരുന്നു സനല്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സാമൂഹ്യമാധ്യമത്തില്‍ സനല്‍കുമാര്‍ നടത്തിയ ആരോപണങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുവാര്യര്‍ എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.