'പ്രായം കൂടില്ല, അപ്പിയറന്‍സ് മാറില്ല'; സേതു രാമയ്യരെ കുറിച്ച് എസ്.എന്‍ സ്വാമി

'പ്രായം കൂടില്ല, അപ്പിയറന്‍സ് മാറില്ല'; സേതു രാമയ്യരെ കുറിച്ച് എസ്.എന്‍ സ്വാമി

സിബിഐ ഫൈവ് എന്ന സിബിഐ സീരീസിലെ അഞ്ചാം പതിപ്പില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യരുടെ പ്രായത്തിനും അപ്പിയറന്‍സിനും മാറ്റം വരില്ലെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. മുമ്പൊരിക്കല്‍ അപ്പിയറന്‍സില്‍ മാറ്റം വരുത്തിയത് ജനങ്ങള്‍ക്ക് ഇഷ്ടമായില്ലെന്നും എസ്.എന്‍ സ്വാമി.

'മാറ്റം എന്നത് കഥാപാത്രത്തിന് അല്ലല്ലോ. കഥയില്‍ മാറ്റമുണ്ടെങ്കിലെ കഥാപാത്രത്തിന് എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിക്കു. സേതു രാമയ്യരിന്റെ അപ്പിയറന്‍സ് ഒന്നും മാറില്ല. മുന്‍പ് ഒരു ഭാഗത്തില്‍ അയാളുടെ അപ്പിയറന്‍സില്‍ ചെറിയ മാറ്റം വരുത്തിയതിന് ആളുകള്‍ ബഹളം ഉണ്ടാക്കിയിട്ടുണ്ട്. കാരണം ജനങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടം ആ സേതു രാമയ്യരെ കാണാനാണ്. റിട്ടയര്‍മെന്റ് എന്നതൊക്കെ നമ്മള്‍ ചിന്തിക്കുമ്പോള്‍ ഉണ്ടാവുന്ന കാര്യങ്ങളാണ്. പക്ഷെ പ്രേക്ഷകര്‍ക്ക് ഒരു മുടി പോലും മാറാന്‍ പാടില്ല.' - എസ്.എന്‍ സ്വാമി

സേതു രാമയ്യരുടെ മകന്‍ എന്നൊരു കഥാപാത്രത്തെ വെച്ച് ഒരു സിനിമയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അയാളെ മാറ്റി മകനെ വെച്ച് ചെയ്യട്ടെ എന്ന് ചോദിച്ച് നോക്കിയാല്‍ മനസിലാകുമെന്നാണ് എസ് എന്‍ സ്വാമി പറഞ്ഞത്. മമ്മൂട്ടിയെ ഒരിക്കലും സേതു രാമയ്യരില്‍ നിന്നും മാറ്റാന്‍ സാധിക്കില്ല. അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല. അങ്ങനെ ചെയ്താല്‍ മമ്മൂട്ടിയുടെ ആരാധകര്‍ തന്നെ കൊന്നുകളയുമെന്നും സ്വാമി പറഞ്ഞു.

സിനിമ പ്രാന്തന്‍ എന്ന ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി സിബിഐ5നെ കുറിച്ച് സംസാരിച്ചത്.

ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളും അന്വേഷണവുമാകും സിനിമയുടേതെന്ന് എസ് എന്‍ സ്വാമി. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ത്രില്ലറാകും സിബിഐ ഫൈവ് എന്ന് എസ് എന്‍ സ്വാമി മുമ്പ് പറഞ്ഞിരുന്നു. ബാസ്‌കറ്റ് കില്ലിംഗ് എന്ന തീം മുന്‍നിര്‍ത്തിയാണ് സിബിഐ ഫൈവ് എന്ന് സ്വാമി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാനാകുന്ന സിനിമയല്ലെന്നും ആള്‍ക്കൂട്ടവും നിരവധി ഔട്ട്‌ഡോര്‍ ലൊക്കേഷനുകളും ആവശ്യമുള്ളതിനാല്‍ സിനിമ ഉടന്‍ ചിത്രീകരിക്കുന്ന കാര്യം ചിന്തിക്കുന്നില്ലെന്നും എസ് എന്‍ സ്വാമി നേരത്തെ ദ ക്യു' അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

രത്തീന സംവിധാനം ചെയ്യുന്ന പുഴു, നെറ്റ്ഫ്ളിക്സിന്റെ എം.ടി കഥകള്‍ ആധാരമാക്കിയ ആന്തോളജിയിലെ ലിജോ പെല്ലിശേരി ചിത്രം എന്നിവക്ക് ശേഷമായിരിക്കും സിബിഐ ഫൈവ്. കെ മധുവാണ് സംവിധാനം.

അതേസമയം പഴയ സിബിഐ സീരിസുകളില്‍ നിന്ന് സായികുമാര്‍ മാത്രമായിരിക്കും അഞ്ചാം ഭാഗത്തില്‍ ഉണ്ടായിരിക്കുക. ജഗതി ശ്രീകുമാര്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഉണ്ടാവില്ലെന്നും സ്വാമി വ്യക്തമാക്കി. മലയാളത്തില്‍ അഞ്ചാം ഭാഗമൊരുങ്ങുന്ന ഏക സിനിമയാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in