'പ്രാദേശിക സിനിമ' എന്ന പദം ഒഴിവാക്കണം; ഇന്ത്യന്‍ സിനിമ ഒന്നാണെന്ന് റണ്‍വീര്‍ സിംഗ്

'പ്രാദേശിക സിനിമ' എന്ന പദം ഒഴിവാക്കണം; ഇന്ത്യന്‍ സിനിമ ഒന്നാണെന്ന് റണ്‍വീര്‍ സിംഗ്

ദക്ഷിണേന്ത്യന്‍ സിനിമകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യപ്പെട്ട ദക്ഷിണേന്ത്യന്‍ സിനിമകള്‍ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സിനിമയിലെ ഭാഷാ വിവാദം ചര്‍ച്ചയാകുന്നതിനിടെയാണ് റണ്‍വീര്‍ സിംഗ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തുന്നത്.

താന്‍ സിനിമകളില്‍ അഭിനയിക്കുന്ന ഒരു കലാകാരനാണെന്നും ബിസിനസ് വിഭാഗത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും റണ്‍വീര്‍ പറഞ്ഞു. ക്യാമറക്ക് മുന്നില്‍ നടത്തുന്ന പ്രകടനത്തിന് പണം ലഭിക്കുന്നുണ്ടെന്നും അത് മാത്രമാണ് അറിയാന്‍ താല്‍പര്യപ്പെടുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

"കഥയാണ് അതിര്‍ത്തികള്‍ ബേധിച്ച് സിനിമയെ യാത്ര ചെയ്യാന്‍ സഹായിക്കുന്നത്. കൊറിയന്‍ ചിത്രം പാരസൈറ്റ് ഓസ്‌കര്‍ നേടിയത് നമുക്ക് അതിന് ഉദാഹരണമായെടുക്കാം. സ്പാനിഷ് സീരീസ് നാര്‍ക്കോസും അത്തരത്തില്‍ അതിര്‍ത്തികള്‍ ഭേദിച്ച സീരീസാണ്. അതുപോലെത്തന്നെ മണി ഹെയ്‌സ്റ്റും. എല്ലാ രാജ്യത്തും എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ ചര്‍ച്ചയാകുന്നുണ്ട്." അദ്ദേഹം പറഞ്ഞു.

"പുഷ്പ, ആര്‍.ആര്‍.ആര്‍ പോലുള്ള സിനിമകള്‍ കണ്ടിരുന്നു. അതെല്ലാം ഞാന്‍ ഒരുപാട് ആസ്വദിച്ച് കണ്ട സിനിമകളാണ്. കെ.ജി.എഫ് ഒന്നാം ഭാഗത്തിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. രണ്ടാം ഭാഗം കാണാന്‍ സാധിച്ചിട്ടില്ല, എത്രയും പെട്ടന്ന് കാണണം. ദക്ഷിണേന്ത്യന്‍ സിനിമകള്‍ മികച്ച കണ്ടന്റുകള്‍ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഞാന്‍ സന്തോഷിക്കുന്നു." റണ്‍വീര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

വൈവിദ്യമാണ് ഇന്ത്യ എന്ന രാജ്യത്തെ മനോഹരമാക്കുന്നത്. ബോളിവുഡില്‍ നിന്നല്ലാത്ത സിനിമകളെ പ്രാദേശിക സിനിമകള്‍ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ സിനിമ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in