വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'രണ്ട്'; പ്രേക്ഷക പ്രതികരണം

വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'രണ്ട്'; പ്രേക്ഷക പ്രതികരണം

വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി സുജിത്ത് ലാല്‍ സംവിധാനം ചെയ്ത ചിത്രം 'രണ്ട്' തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്നലെയാണ് (ജനുവരി 7) ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൊളിറ്റിക്കല്‍ സെറ്റയറായ 'രണ്ട്' മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന സിനിമയാണ്. ഈ കാലഘട്ടത്തില്‍ പറയേണ്ട ശക്തമായ സന്ദേശമാണ് സിനിമ നല്‍കുന്നതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ 160 തിയേറ്ററുകളിലായാണ് ചിത്രം റിലീസിന് എത്തിയത്. 2022ല്‍ ആദ്യമായി തിയേറ്ററിലെത്തിയ മലയാള ചിത്രത്തിലൊന്നാണ് രണ്ട്. ഹെവന്‍ലി മുവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് നിര്‍മ്മാണം. ബിനുലാല്‍ ഉണ്ണിയാണ് തിരക്കഥ. അനീഷ് ലാല്‍ ആണ് ക്യാമറ. മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സിനിമയെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞത്:

കഥ പറയാന്‍ സംവിധായകനും തിരക്കഥാകൃത്തും വന്നപ്പോള്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയം അല്ലേ ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്നാണ് ആദ്യം ചോദിച്ചത്. തിരക്കഥ കേട്ടപ്പോള്‍ ഇപ്പോള്‍ ഇത് പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പറയുക എന്നാണ് ചിന്തിച്ചത്. ഒരു കലാകാരന്‍ എന്ന നിലക്കുള്ള ഉത്തരവാദിത്വം കൂടിയാണ് ഈ സിനിമയെന്ന് തോന്നിയിരുന്നു.

The Cue
www.thecue.in