അല്ലു അര്‍ജുന്റെ 'പുഷ്പ' ഇനി ആമസോണ്‍ പ്രൈമില്‍

അല്ലു അര്‍ജുന്റെ 'പുഷ്പ' ഇനി ആമസോണ്‍ പ്രൈമില്‍

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായ ആക്ഷന്‍ ത്രില്ലര്‍ പുഷ്പ: ദി റൈസ് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നു. ജനുവരി 7നാണ് ചിത്രം ആമസോണില്‍ സ്ട്രീമിങ്ങ് ആരംഭിക്കുക. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും ചിത്രം ലഭ്യമാകും. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണം മൈത്രി മൂവീസാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം മാത്രമാണ് നിലവില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയാണിത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

പുതുവത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പ്രൈം വീഡിയോയുടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍്ക്കായി ആക്ഷന്‍ ചിത്രം പുഷ്പ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ആമസോണ്‍ പ്രൈം ഇന്ത്യ അധികൃതര്‍ പറയുന്നത്. പ്രാദേശിക ഭാഷകളിലെ സിനിമകളുടെ ശേഖരത്തിലേക്ക് പുഷ്പ കൂടി ചേരുന്നത് വലിയ നേട്ടമാണെന്നും ആമസോണ്‍ പ്രൈം അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 17നാണ് ചിത്രം തിയേറ്റര്‍ റിലീസ് ചെയ്തത്. ചിത്രം റിലീസ് ദിനം മുതല്‍ ഹൗസ്ഫുള്ളായാണ് പ്രദര്‍ശനം തുടര്‍ന്നത്. പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രം കരസ്തമാക്കിയത്. സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാക്കിയതിന് സംവിധായകന്‍ സുകുമാര്‍ നന്ദി അറിയിച്ചു.

അതേസമയം, 'പുഷ്പ 2 പറ്റാവുന്ന ഭാഷകളിലെല്ലാം പുറത്തിറക്കണമെന്നാണ് ഞാന്‍ പദ്ധതിയിടുന്നത്, ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്ക് എത്തും' എന്ന് അല്ലു അര്‍ജുന്‍ അറിയിച്ചിരുന്നു. ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ വേഷമാണ് ഫഹദ് ഫാസിന്റെത്. ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രശ്മിക മന്ദാനയാണ് നായിക. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷപ. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

The Cue
www.thecue.in