മരക്കാറിന്റേത് ഗലീലിയോക്ക് മുന്‍പുള്ള ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പ്: വിശദീകരണവുമായി പ്രിയദര്‍ശന്‍

മരക്കാറിന്റേത് ഗലീലിയോക്ക് മുന്‍പുള്ള ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പ്: വിശദീകരണവുമായി പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2ന് റിലീസിന് ഒരുങ്ങുകയാണ്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മരക്കാര്‍. ചിത്രത്തിന്റെ ട്രെയ്‌ലറിനു ടീസറുകള്‍ക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ട്രെയ്‌ലറിലെ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

ചിത്രത്തില്‍ മരക്കാര്‍ ടെലിസ്‌കോപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു വിമര്‍ശനങ്ങളില്‍ ഒന്ന്. ഗലീലിയോ ടെലിസ്‌കോപ്പ് കണ്ടുപിടിച്ച 17-ാം നൂറ്റാണ്ടിലാണ്, പിന്നെ എങ്ങനെ 16-ാം നൂറ്റാണ്ടില്‍ ജീവിച്ച മരക്കാരിന് അത് ഉപയോഗിക്കാന്‍ പറ്റും എന്നായിരുന്നു പലരും ചോദിച്ചത്. എന്നാല്‍ മരക്കാര്‍ ഉപയോഗിക്കുന്നത് 13-ാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ച ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പാണെന്നാണ് പ്രിയദര്‍ശന്റെ വിശദീകരണം. മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന ലേഖനത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മരക്കാറിന്റെ മുഖത്ത് ഗണപതിയുടെ രൂപം എന്ന വിമര്‍ശനത്തിനും പ്രിയദര്‍ശന്‍ മറുപടി പറഞ്ഞു. അത് ഗണപതിയല്ല, മറിച്ച് സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ്. ആനയെ കണ്ടാല്‍ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലര്‍ക്കുമില്ലാത്തതിന്റെ പ്രശ്‌നമാണതെന്നും പ്രിയദര്‍ശന്‍ പറയുന്നു.

പ്രിയദര്‍ശന്റെ വാക്കുകള്‍:

'മരക്കാറിന്റെ ട്രെയ്ലര്‍ ഇറങ്ങിയപ്പോള്‍ പലരും ഉന്നയിച്ച വിമര്‍ശനം മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചുവെച്ചിരിക്കുന്നു എന്നതാണ്. ശരിക്കും പറഞ്ഞാല്‍ അത് ഗണപതിയല്ല, മറിച്ച് സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ്. ഇന്ന് കേരള ഗവണ്‍മെന്റിന്റെ അടയാളമായ ആനയും ശംഖും ആ ചരിത്രത്തില്‍നിന്ന് വന്നതാവാം. സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേര്‍ന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയത് എന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് കൊടിയടയാളമായ ആന മരക്കാരിന്റെ മുഖത്ത് വന്നത്. ആനയെ കണ്ടാല്‍ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലര്‍ക്കുമില്ലാത്തതിന്റെ പ്രശ്‌നമാണത്.

രണ്ടാമത്തെ കാര്യം ടെലിസ്‌കോപ്പിനെക്കുറിച്ചുള്ള വിമര്‍ശനമായിരുന്നു. ഗലീലിയോ ടെലിസ്‌കോപ്പ് കണ്ടുപിടിച്ച 17-ാം നൂറ്റാണ്ടിലാണ്, പിന്നെ എങ്ങനെ 16-ാം നൂറ്റാണ്ടില്‍ ജീവിച്ച മരക്കാരിന് അത് ഉപയോഗിക്കാന്‍ പറ്റും എന്നായിരുന്നു ചോദ്യം. അതിന്റെ ഉത്തരം ഗലീലിയോ 17-ാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ചത് ആസ്‌ട്രോണമിക്കല്‍ ടെലിസ്‌കോപ്പാണ്, അതിനു മുമ്പേ 13-ാം നൂറ്റാണ്ടില്‍ത്തന്നെ ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പ് കണ്ടുപിടിച്ചിരുന്നു എന്നാണ്. മരക്കാര്‍ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പാണ്.'

Related Stories

No stories found.
logo
The Cue
www.thecue.in