പൃഥ്വിരാജ് ഇനി കുറുവച്ചന്‍, ഷാജി കൈലാസിന്റെ കടുവ തുടങ്ങുന്നു

പൃഥ്വിരാജ് ഇനി കുറുവച്ചന്‍, ഷാജി കൈലാസിന്റെ കടുവ തുടങ്ങുന്നു

പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന 'കടുവ' ചിത്രീകരണത്തിലേക്ക്. രതീഷ് അമ്പാട്ട് ചിത്രം തീര്‍പ്പ്, ജനഗണമനയുടെ മംഗലാപുരം ഷെഡ്യൂള്‍ എന്നിവ പൂര്‍ത്തിയാക്കി പൃഥ്വിരാജ് കടുവയില്‍ ജോയിന്‍ ചെയ്യും. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ തിരക്കഥ ജിനു എബ്രഹാമാണ്. ജനഗണമനയുടെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലായിരുന്നു. സുരാജ് വെഞ്ഞാറമ്മൂടും പൃഥ്വിരാജും ഭാഗമാകുന്ന ഒരു മാസത്തിലേറെ നീളുന്ന ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്.

ഷാജി കൈലാസിന്റെ നേതൃത്വത്തിലുള്ള സിനിമയുടെ ലൊക്കേഷന്‍ ഹണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുജിത് വാസുദേവാണ് ക്യാമറ. ലൂസിഫറിന് ശേഷം സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്ന പൃഥ്വിരാജ് ചിത്രവുമാണ് കടുവ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ്.

2020 ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. 'മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് ജിനു എബ്രഹാം.

സുരേഷ് ഗോപിയുടെ 250ാമത് ചിത്രം കടുവ'യുടെ നായക കഥാപാത്രത്തിന്റെ പേരും പ്രമേയവും പകര്‍ത്തിയതാണെന്ന വിവാദം കോടതിയിലെത്തിയിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സിനിമയുടെ തിരക്കഥയും കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചതോടെ കടുവാ സിനിമകള്‍ തമ്മിലുള്ള വിവാദമായി ഇത് മാറി. മുളകുപ്പാടം ഫിലിംസ് പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രത്തെ പേരും പ്രമേയവും ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കുകയും ചെയ്തു. ഒറ്റക്കൊമ്പനും കടുവയുമായി ഒരു ബന്ധവുമില്ലെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവും അറിയിച്ചിരുന്നു.