ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി പൃഥ്വിരാജും ടൊവിനോയും, മൗനത്തിലാണ്ട് മുന്‍നിര താരങ്ങള്‍

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി പൃഥ്വിരാജും ടൊവിനോയും, മൗനത്തിലാണ്ട് മുന്‍നിര താരങ്ങള്‍

അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങളുണ്ടായെന്ന ആക്രമിക്കപ്പെട്ട നടിയുടെ തുറന്നുപറച്ചിലിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഐക്യദാര്‍ഡ്യമറിയിക്കുകയാണ് നിരവധി പേര്‍. ചലച്ചിത്ര മേഖലയില്‍ നിന്ന് ചുരുക്കം പേര്‍ മാത്രമാണ് നടിക്ക് പിന്തുണയറിയിച്ച് എത്തിയത്. ഡബ്ല്യു.സി.സി അംഗങ്ങളാണ് തുടക്കം മുതലെ നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നത്. എന്നാല്‍ മുന്‍നിര താരങ്ങളിലേറെയും പേര്‍ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ നടന്‍ പൃഥ്വിരാജും ടൊവിനോ തോമസും ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്.

പൃഥ്വിയെയും ടൊവിനോയെയും കൂടാതെ കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, അന്ന ബെന്‍, ആര്യ, ജിയോ ബേബി, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

കേസിലെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പുനരന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടി തന്റെ അതിജീവനത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടാണ് ഇരുവരും അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ധൈര്യം എന്ന ക്യാപ്ക്ഷനോടെയാണ് പൃഥ്വിരാജ് ആക്രമിക്കപ്പെട്ട നടിയുടെ വാക്കുകള്‍ പങ്കുവെച്ചത്. അവള്‍ക്കൊപ്പമാണെന്ന് തുറന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. ഇത് കൂടുതല്‍ ആളുകള്‍ക്ക് പ്രചോദനമാകട്ടെ എന്നാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും നീതിക്ക് വേണ്ടിയുള്ള യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുമെന്നാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല.

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ ഒരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു.

നടി പറഞ്ഞത്

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നഹത്തിന് നന്ദി.

The Cue
www.thecue.in