ഞാനൊരു ആക്‌സിഡന്റല്‍ ഡയറക്ടര്‍, എന്നില്‍ വിശ്വസിച്ച ലാലേട്ടന് നന്ദി: പൃഥ്വിരാജ് സുകുമാരന്‍

ഞാനൊരു ആക്‌സിഡന്റല്‍ ഡയറക്ടര്‍, എന്നില്‍ വിശ്വസിച്ച ലാലേട്ടന് നന്ദി: പൃഥ്വിരാജ് സുകുമാരന്‍

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ബ്രോ ഡാഡി ഇന്ന് അര്‍ദ്ധരാത്രിയോടെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിക്കും. തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താന്‍ സംവിധായകനായി യാത്ര തുടങ്ങിയതിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുരളി ഗോപി താന്‍ ലൂസിഫര്‍ ചെയ്യണം എന്ന് ചിന്തച്ചതിനിലാണ് തന്റെ ആദ്യ സിനിമയുണ്ടാവുന്നത്. ബ്രോ ഡാഡിയും അത് പോലെയാണ് തന്നിലേക്ക് എത്തിപ്പെട്ടതെന്ന് പൃഥ്വിരാജ് പറയുന്നു.

സംവിധായകന്‍ എന്ന നിലയില്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് മോഹന്‍ലാലിനും പൃഥ്വിരാജ് നന്ദി അറിയിച്ചു. ഒപ്പം സിനിമയിലെ തന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചും പൃഥ്വി കുറിപ്പില്‍ പറയുന്നു.

പൃഥ്വിരാജ് പറഞ്ഞത്:

പലകാരണങ്ങളാല്‍ ഞാനൊരു ആക്‌സിഡന്റല്‍ ഡയറക്ടറാണ്. എനിക്ക് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ലൂസിഫര്‍ ഞാന്‍ ചെയ്യണമെന്ന് മുരളി ഗോപിയുടെ ചിന്തയില്‍ നിന്നാണ് എന്റെ ആദ്യ സിനിമ ഉണ്ടാവുന്നത്. ആരെക്കാളും മുന്നെ എന്നില്‍ വിശ്വസിച്ച വ്യക്തിയാണ് മുരളി ഗോപി. അതുപോലെ തന്നെയായിരുന്നു ശ്രീജിത്തും ബിബിനും എന്റെ അടുക്കല്‍ ഞങ്ങളുടെ സുഹൃത്തായ വിവേക് രാമദേവനിലൂടെ ബ്രോ ഡാഡിയുടെ തിരക്കഥ എത്തിക്കുന്നത്. ഇപ്പോഴും എനിക്ക് അറിയില്ല എന്തുകൊണ്ടാണ് ഈ തിരക്കഥ അവര്‍ എന്റെ കയ്യില്‍ തന്നതെന്ന്. പക്ഷെ അവരുടെ ആ തീരുമാനത്തില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ബ്രോ ഡാഡി ലൂസിഫറില്‍ നിന്നും വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ആ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതും. ലൂസിഫറില്‍ നിന്നും എമ്പുരാനില്‍ നിന്നും വളരെ വ്യത്യസ്തമായൊരു സംവിധാന രീതിയാണ് ഇതില്‍ ഞാന്‍ ചെയ്തിരിക്കുന്നത്. എല്ലായിപ്പോഴും പോലെ തന്നെ റിസ്‌ക്ക് എടുക്കുന്നത് ഒരു ആവേശമായി തോന്നി. അതുകൊണ്ട് ഈ സിനിമ ചെയ്തു.

എന്നില്‍ വിശ്വസിച്ചതിന് ഞാന്‍ ലാലേട്ടനോട് എന്നും കടപ്പെട്ടിരിക്കുന്നു. ഈ സിനിമയില്‍ ഉടനീളം എന്നോടൊപ്പം നിന്നതിന് ആന്റണി പെരുമ്പാവൂരിനും നന്ദി. ഈ സിനിമയുടെ ടെക്‌നീഷ്യന്‍സിനും, അസിസ്റ്റന്റസിനും യൂണിറ്റിലെ എല്ലാ സുഹൃത്തുക്കള്‍ക്കും എല്ലാവര്‍ക്കും നന്ദി പറയുന്നു. അവരില്‍ ഒരാളെ എങ്കിലും മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ എന്റെ സിനിമകള്‍ നിങ്ങള്‍ ഇന്ന് കാണുന്നത് പോലെയാകില്ലായിരുന്നു. ലൂസിഫര്‍ പോലെ തന്നെ വളരെ മികച്ച കാസ്റ്റിനെ ഡയറക്റ്റ് ചെയ്യാന്‍ കഴിഞ്ഞതും നല്ലൊരു അനുഭവമായിരുന്നു.

ഞങ്ങള്‍ വളരെ രസകരമായി നിര്‍മ്മിച്ച ഒരു സിനിമയാണ് ബ്രോഡാഡി. ഈ സിനിമ കാണുമ്പോഴും നിങ്ങള്‍ക്ക് ആ രസം കിട്ടട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി 12 മണിക്ക് ബ്രോ ഡാഡി ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിക്കും. എല്ലാവരും കുടുംബസമേതം ആസ്വദിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in