നമ്മുടെ ശക്തി വൈവിധ്യത്തിലും കൈകോര്‍ക്കാന്‍ കഴിയുന്നത്: '83' ഇന്നത്തെ ഇന്ത്യ പഠിക്കേണ്ട പാഠമെന്ന് പൃഥ്വിരാജ്

നമ്മുടെ ശക്തി വൈവിധ്യത്തിലും കൈകോര്‍ക്കാന്‍ കഴിയുന്നത്: '83' ഇന്നത്തെ ഇന്ത്യ പഠിക്കേണ്ട പാഠമെന്ന് പൃഥ്വിരാജ്

ബോളിവുഡ് താരം രണ്‍വീര്‍ സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കപില്‍ ദേവായി വേഷമിടുന്ന '83' വെറുമൊരു ക്രിക്കറ്റ് സിനിമ മാത്രമല്ലെന്ന് നടന്‍ പൃഥ്വിരാജ്. ഇന്ത്യയുടെ ശക്തി വൈവിധ്യത്തിലും കൈകോര്‍ക്കാന്‍ കഴിയുന്നതാണ്. അതാണ് സിനിമ മുന്നോട്ട് വെക്കുന്നത്. ഇന്നത്തെ ഇന്ത്യ പഠിക്കേണ്ടതും അത് തന്നെയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ 83 സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

പൃഥ്വിരാജിന്റെ വാക്കുകള്‍:

83 ഒരിക്കലും ഒരു ക്രിക്കറ്റ് സിനിമ മാത്രമല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ ശക്തി എന്താണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയാണിത്. നമ്മളുടേത് വൈവിധ്യമാര്‍ന്ന ഒരു രാഷ്ട്രമാണ്. ആ വൈവിധ്യങ്ങള്‍ക്കിടയിലും കൈകോര്‍ക്കാന്‍ കഴിയുന്നതാണ് നമ്മുടെ ശക്തി. 1983ലെ ലോക കപ്പിലേക്ക് നമ്മള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അത് മനസിലാകും. കാരണം അവിടെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ള, വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന, വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്ന, വ്യത്യസ്തമായ വിശ്വാസങ്ങളുള്ള വ്യക്തികള്‍ ഒന്നിച്ച് ചേരുകയായിരുന്നു. അവര്‍ ഒരു ക്യാപ്റ്റന്റെ കീഴില്‍ ഒരുമിച്ച് വരുകയും സ്വയം വിശ്വസിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് ചരിത്ര വിജയമാണ്. അത് ഇന്നത്തെ ഇന്ത്യ പഠിക്കേണ്ട പാഠമാണ്. അതാണ് ഈ സിനിമ പറയാന്‍ ഉദ്ദേശിക്കുന്നതും.

കബീര്‍ ഖാന്‍ ആണ് 83 സംവിധാനം ചെയ്തിരിക്കുന്നത്. 83 മലയാളത്തിലും പ്രദര്‍ശനത്തിനെത്തും. ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. താഹിര്‍ രാജ് ഭാസിന്‍, ജീവ, സാഖിബ് സലീം, ജതിന്‍ സര്‍ണ, ചിരാഗ് പാട്ടില്‍, ദിന്‍കര്‍ ശര്‍മ, നിഷാന്ത് ദാഹിയ, ഹാര്‍ഡി സന്ധു, സഹില്‍ ഖട്ടര്‍, അമ്മി വിര്‍ക്, ആദിനാഥ് കോത്താരെ, ധൈര്യ കര്‍വ, ആര്‍. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കപില്‍ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളില്‍ ദീപിക പദുകോണാണ് എത്തുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡിസംബര്‍ 24-ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം കബീര്‍ ഖാന്‍, ദീപിക പദുകോണ്‍, വിഷ്ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, 83 ഫിലിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in