പൃഥ്വിരാജിനും ആഷിക് അബുവിനും വാഴപ്പിണ്ടി ജ്യൂസ്, പരിഹസിച്ച് ടി.സിദ്ദീഖ്

പൃഥ്വിരാജിനും ആഷിക് അബുവിനും വാഴപ്പിണ്ടി ജ്യൂസ്, പരിഹസിച്ച് ടി.സിദ്ദീഖ്

വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്ന് പിന്‍മാറിയ പൃഥ്വിരാജിനെയും ആഷിക് അബുവിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ടി.സിദ്ദീഖ്. പൃഥ്വിരാജിനും ആഷിക് അബുവിനും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിക്കുന്നുവെന്നാണ് സിദ്ദീഖിന്റെ പരിഹാസം. നിലപാടില്ലായ്മയും നട്ടെല്ലില്ലാത്തതുമാണ് വാരിയംകുന്നനില്‍ നിന്നുള്ള പൃഥ്വിരാജിന്റെയും ആഷിക് അബുവിന്റെയും പിന്‍മാറ്റമെന്ന് സൂചിപ്പിക്കുന്നതാണ് സിദ്ദീഖ് എം.എല്‍.എയുടെ പ്രതികരണം.

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു...

ടി.സിദ്ദീഖ്

2020 നവംബറിലാണ് നിര്‍മ്മാതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്ന് വാരിയംകുന്നനില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്‍മാറിയത്. സിനിമയുമായി നിര്‍മ്മാതാക്കളും രചയിതാക്കളും മുന്നോട്ട് പോകുമെന്നാണ് സൂചന. വിക്രമിനെ നായനാക്കി അന്‍വര്‍ റഷീദാണ് വാരിയംകുന്നന്‍ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീട് ഈ പ്രൊജക്ട് ആഷിക് അബു ഏറ്റെടുക്കുകയായിരുന്നു. അന്‍വര്‍ റഷീദ് കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രൊജക്ട് അന്ന് ഉപേക്ഷിച്ചിരുന്നതെന്ന് സഹതിരക്കഥാകൃത്ത് റമീസ് ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. വാരിയംകുന്നന്‍ 2021ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോംപസ് മുവീസും ആഷിഖ് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒപിഎം സിനിമാസുമായിരുന്നു നിര്‍മ്മാണം. ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഹര്‍ഷദും റമീസും ചേര്‍ന്നാണ് വാരിയംകുന്നന്‍ തിരക്കഥ എഴുതിയത്. മുഹസിന്‍ പരാരിയായിരുന്നു കോ ഡയറക്ടര്‍. ഷൈജു ഖാലിദ് ക്യാമറയും.

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ച സമയത്ത് നിലപാടുകളുടെ രാജകുമാരന്‍, യഥാര്‍ത്ഥ ഹീറോ എന്നാണ് പൃഥ്വിരാജിനെ സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in