'ടൊവിനോക്ക് എന്നെ അറിയാമായിരുന്നു, പക്ഷെ എനിക്ക് ഓര്‍മ്മയില്ലായിരുന്നു' ഷോട്ട് ഫിലിം ഓര്‍മ്മകള്‍ പറഞ്ഞ് പ്രകാശ് പോള്‍

'ടൊവിനോക്ക് എന്നെ അറിയാമായിരുന്നു, പക്ഷെ എനിക്ക് ഓര്‍മ്മയില്ലായിരുന്നു' ഷോട്ട് ഫിലിം ഓര്‍മ്മകള്‍ പറഞ്ഞ് പ്രകാശ് പോള്‍

വളരെ ചെറിയ കാലയളവ് കൊണ്ടുതന്നെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ നിരയിലേക്ക് ഉയര്‍ന്ന നടനാണ് ടൊവിനോ. മലയാള സിനിമയില്‍ ടൊവിനോ സജീവമാകുന്നതിന് മുമ്പ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ച അനുഭവം വെളിപ്പെടുത്തുകയാണ് നടന്‍ പ്രകാശ് പോള്‍. സുഹൃത്തിന്‍റെ സിനിമയില്‍ അഭിനിയിക്കാന്‍ ടൊവിനോയെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ പണ്ട് ഒന്നിച്ച് അഭിനയിച്ച കാര്യം ടൊവിനോ തന്നെ ഓര്‍ത്തെടുത്ത് തന്നോട് പറഞ്ഞതായി പ്രകാശ് പറയുന്നു.

2011ല്‍ സ്നേഹപൂര്‍വ്വം എന്ന ഷോട്ട് ഫിലിമിലാണ് ടൊവിനോയ്ക്കൊപ്പം പ്രകാശ് അഭിനയിച്ചത്. ‘വന്നു, കണ്ടു, കീഴടക്കി’ എന്നു പറയുന്നത് ടൊവിനോയുടെ കാര്യത്തില്‍ ഇപ്പോള്‍ അക്ഷരംപ്രതി ശരിയാണെന്ന് തനിക്ക് മനസിലായി. ഇന്ന് താനിത് പറയുമ്പോള്‍ മലയാള സിനിമയിലെ ഒന്നാം നിരയിലാണ് ടൊവിനോയെന്നും മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസില്‍ എഴുതിയ കുറിപ്പില്‍ പ്രകാശ് പറഞ്ഞു.

ഏഷ്യാനെറ്റ് ചാനലിലെ കടമറ്റത്ത് കത്തനാര്‍ എന്ന ടെലി സീരിയലിലൂടെയാണ് പ്രകാശ് പോള്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. നിരവധി ടെലി ഫിലിമുകളില്‍ യേശുക്രിസ്തുവായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് ടൊവിനോയുടെ ഏറ്റവും പുതിയതായി റിലീസിനെത്തുന്ന ചിത്രം. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മുഹ്സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ്.

പ്രകാശ് പോളിന്‍റെ കുറിപ്പ്:

2016ലാണ്, എന്റെ പ്രിയ സുഹൃത്തായ കിരണ്‍ പ്രഭാകര്‍, ‘താക്കോല്‍’ എന്ന അദ്ദേഹത്തിന്റെ സിനിമയ്ക്കുവേണ്ടിയുള്ള ഒരുക്കുകൂട്ടലിലാണ്. സുഹൃത്തെന്ന നിലയില്‍ അതിനുവേണ്ടി ഞാനും ഒപ്പമുണ്ട് ഏതാണ്ട് മുഴുവന്‍ സമയവും. ആര്‍ട്ടിസ്റ്റുകളെയൊക്കെ വിളിച്ചു സംസാരിക്കുന്നതു ഞാനാണ്. ഒരു ദിവസം കിരണ്‍ ചോദിച്ചു: ‘പോള്‍ജീ ടൊവിനോയെ ഒന്നു വിളിച്ചു സംസാരിക്കാമോ?

‘അതിന് എനിക്ക് ടൊവിനോയെ പരിചയമൊന്നും വേണമെന്നില്ലെന്നു കിരണിനു നന്നായറിയാം. മുന്‍പ് ‘എന്നു നിന്റെ മൊയ്തീന്‍’ കണ്ടശേഷം ടൊവിനോയെക്കുറിച്ച് കിരണ്‍ പറഞ്ഞതെനിക്കോര്‍മവന്നു: ‘ പോള്‍ജീ ഈ പയ്യന്‍ മലയാളസിനിമയുടെ ഒന്നാംനിരയിലേക്ക് കയറിവരാന്‍ അധികസമയം വേണ്ടിവരില്ല.’ കിരണ്‍ പറഞ്ഞാല്‍ എനിക്കതു വിശ്വാസമാണ്. മുന്‍പുള്ള അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത് അതാണ്.

കിരണ്‍ മുമ്പ് പറഞ്ഞപോലെ തന്നെ പ്രശസ്തനായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ടൊവിനോ. അപ്പോള്‍തന്നെ ടൊവിനോയുടെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. ടൊവിനോ തന്നെയാണ് ഫോണെടുത്തത്. ഞാന്‍ സ്വയം പരിചയപ്പെടുത്തി: ‘ടൊവിനോ, എന്റെ പേര് പ്രകാശ് പോള്‍. ഒരു ആക്ടറാണ്. ഏഷ്യാനെറ്റിന്റെ കടമറ്റത്തു കത്തനാര്‍ സീരിയലില്‍ കത്തനാരായി അഭിനയിച്ച ആളാണ്. എന്റെ സുഹൃത്തിന്റെ സിനിമയെക്കുറിച്ചു സംസാരിക്കാനാണ് വിളിച്ചത്.

ടൊവിനോയുടെ മറുപടി എന്നെ ഞെട്ടിച്ചു: ‘ചേട്ടാ നമ്മളൊന്നിച്ചഭിനയിച്ചിട്ടുണ്ട്. ‘ഞാന്‍ ഞെട്ടിയത് സന്തോഷംകൊണ്ടോ അത്ഭുതംകൊണ്ടോ അല്ല. ‘കടമറ്റത്തു കത്തനാരെ’ന്നും പ്രകാശ് പോളെന്നുമൊക്കെ പരിചയപ്പെടുത്തിയിട്ടും ടൊവിനോ ആളു തെറ്റിയാണല്ലോ സംസാരിക്കുന്നതെന്ന ചമ്മലായിരുന്നു എനിക്ക്. അല്പം നിരാശയും. കാരണം, ടൊവിനോയെ ഞാന്‍ നേരിട്ടു കണ്ടിട്ടുപോലുമില്ല.

പക്ഷേ ടൊവിനോ കുറച്ചുകൂടി വിശദമായി പറഞ്ഞപ്പോള്‍ എനിക്കു കാര്യം മനസ്സിലായി. ‘കത്തനാര്‍’ക്കൊക്കെ ശേഷം, 2011ലാണെന്നു തോന്നുന്നു, കൊച്ചിയില്‍ വച്ച് ഞാനൊരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. നേരത്തെ അറിയാവുന്ന അംബിക മോഹനൊഴിച്ച് അതിലഭിനയിച്ച ആരുടെയും മുഖങ്ങള്‍ പക്ഷേ ഓര്‍മയില്ല. എങ്കിലും ടൊവിനോയോട് ഞാന്‍ കള്ളം പറഞ്ഞു: ‘ഓ എനിക്കു മനസ്സിലായി. ഞാനതിപ്പോഴാണ് ഓര്‍ത്തത്. ക്ഷമിക്കണം.

‘കൊച്ചിയില്‍വച്ചു നേരിട്ടു കാണാമെന്നുള്ള ധാരണയില്‍ ടൊവിനോയുമായുള്ള സംഭാഷണമവസാനിച്ചു. ‘സ്‌നേഹപൂര്‍വം’ എന്ന ആ ഷോര്‍ട് ഫിലിമിനുവേണ്ടി യുട്യൂബില്‍ പരതുകയാണ് പിന്നെ ആദ്യം ഞാന്‍ ചെയ്തത്. കണ്ടു. വീണ്ടും ഒന്നുകൂടി കണ്ടു.

ടൊവിനോ എന്ന ചെറുപ്പക്കാരനോട് എനിക്കുണ്ടായ സ്‌നേഹത്തിനും ബഹുമാനത്തിനും അളവില്ല. എത്ര അനായാസമായും സ്വാഭാവികമായുമാണ് അയാള്‍ അഭിനയിച്ചിരിക്കുന്നത്. ഒരുപക്ഷേ ആദ്യമായായിരിക്കാം അയാള്‍ ഒരു ക്യാമറയെ അഭിമുഖീകരിച്ചത്. നൂറുകണക്കിന് എപ്പിസോഡുകള്‍ ക്യാമറയ്ക്കു മുന്നില്‍നിന്നു തഴക്കംവന്ന ഞാന്‍ പക്ഷേ ആ പുതുമുഖത്തെക്കാള്‍ എത്രയോ താഴെയായിരുന്നു എന്നു ഞാനോര്‍ത്തു. ‘വന്നു, കണ്ടു, കീഴടക്കി’ എന്നു പറയുന്നത് ടൊവിനോയുടെ കാര്യത്തില്‍ ഇപ്പോള്‍ അക്ഷരംപ്രതി ശരിയാണെന്നെനിക്കു മനസ്സിലായി.

ഇന്നു ഞാനിതു പറയുമ്പോള്‍, കിരണ്‍ അന്നു പറഞ്ഞ ഒന്നാംനിരയിലാണ് ടൊവിനോ. അതിനും മുന്നിലൊരു നിരയുണ്ടാക്കി അതിലേക്കു കടക്കുന്നതെപ്പോഴാണെന്നേ ഇനി കാക്കേണ്ടതുള്ളൂ.