ജീവഭയം ഉള്ളതുകൊണ്ടാണ് പ്രതികരിക്കാത്തത്, സെക്സ് റാക്കറ്റ് സുഗമമാക്കുന്നവര്‍ സിനിമ മേഖലക്കകത്ത് തന്നെയുണ്ട്: പാര്‍വതി തിരുവോത്ത്

ജീവഭയം ഉള്ളതുകൊണ്ടാണ് പ്രതികരിക്കാത്തത്, സെക്സ് റാക്കറ്റ് സുഗമമാക്കുന്നവര്‍ സിനിമ മേഖലക്കകത്ത് തന്നെയുണ്ട്: പാര്‍വതി തിരുവോത്ത്

മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്തത് പ്രമുഖരുടെ പേരുകള്‍ അതില്‍ പ്രതിപാദിക്കുന്നതുകൊണ്ടാണെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് പാര്‍വതി പറഞ്ഞു.

സെക്സ് റാക്കറ്റ് സുഖമമാക്കുന്നവര്‍ സിനിമ ഇന്‍റസ്ട്രിക്കകത്ത് തന്നെയുണ്ടെന്നും ജീവഭയം കാരണമാണ് ആരും ഒന്നും മിണ്ടാത്തതെന്നും പാര്‍വതി പറയുന്നു. അതേസമയം, പള്‍സര്‍ സുനിയുടെ കത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിക്കാനില്ലെന്നും പാര്‍വതി പറഞ്ഞു.

പാര്‍വതി തിരുവോത്തിന്‍റെ വാക്കുകള്‍

സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ടാണ്, ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല.

സെക്സ് റാക്കറ്റടക്കം എല്ലായിടത്തും സുഖമമാക്കുന്നവര്‍ ഇൻഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനിൽ പറഞ്ഞിട്ടുണ്ട്.

ജ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാണ്. മൊഴി നൽകിയവരുടെ പേര് റിപ്പോർട്ടിലുണ്ട് എന്ന ന്യായം പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് മുടന്തൻ ന്യായമായിട്ടാണ് തോന്നുന്നത്.

The Cue
www.thecue.in