'സിദ്ദിഖിനെതിരായ ലൈംഗിക ആരോപണത്തിലെ നിലപാട്, ഇടവേള ബാബുവിനെതിരെ നടപടിയെന്ത്', മോഹന്‍ലാലിനോടും അമ്മ നേതൃത്വത്തോടും രേവതിയും പദ്മപ്രിയയും

'സിദ്ദിഖിനെതിരായ ലൈംഗിക ആരോപണത്തിലെ നിലപാട്, ഇടവേള ബാബുവിനെതിരെ നടപടിയെന്ത്', മോഹന്‍ലാലിനോടും അമ്മ നേതൃത്വത്തോടും രേവതിയും പദ്മപ്രിയയും

താരസംഘടനയായ അമ്മയുടെ സെക്രട്ടറി സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിലും, ആക്രമിക്കപ്പെട്ട നടിക്കെതിരെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരാമര്‍ശത്തിലും സംഘടനയുടെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രേവതിയുടെയും പദ്മപ്രിയയുടെയും തുറന്ന കത്ത്. പ്രസിഡന്റ് മോഹന്‍ലാലിനും എക്സിക്യുട്ടീവ് കമ്മിറ്റിക്കുമാണ് അംഗങ്ങളായ രേവതിയും പദ്മപ്രിയയും കത്തയച്ചിരിക്കുന്നത്.

അമ്മ സംഘടനയില്‍ നിന്നുള്ള പാര്‍വതിയുടെ രാജി, അതിജീവിച്ചവളുടെ രാജിയിലൂടെ 2018ല്‍ ആരംഭിച്ച കാര്യങ്ങളിലേക്ക് തിരികെ കൊണ്ട് പോവുകയാണെന്ന് രേവതിയും പദ്മപ്രിയയും പറയുന്നു. ഒരുപാട് വേദനകളോടെ മാത്രമല്ല, ചലച്ചിത്ര മേഖലയിലെ അഭിനേതാക്കള്‍ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെയും കൂടിയാണ് ആ യാത്ര ആരംഭിച്ചത്. സിനിമാ മേഖല മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ചര്‍ച്ചകള്‍ക്ക് ഇടം സൃഷ്ടിച്ചു എന്നതില്‍ ആ ശ്രമങ്ങള്‍ ഫലപ്രദമായി.

തീരുമാനം എടുക്കുന്നതിലും വിഷയത്തില്‍ ഇടമെടുന്നതിലും അമ്മ നേതൃത്വത്തിന്റെ താല്‍പര്യമില്ലായ്മയാണ് ഓരോ തവണയും കണ്ടത്. അമ്മ ജനറല്‍ സെക്രട്ടറിയുടെ സമീപകാലത്തെ ഒരു അഭിമുഖം മുന്‍പത്തേത് പോലെ തന്നെ ഒരു അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇതിന് ഒരു ഉദാഹരണം, സംഘടനാ നേതൃത്വത്തിലെ ചില അംഗങ്ങള്‍ക്ക് അവരുടെ സ്ഥാനം ഉപയോഗിച്ച് ഒറു ക്രിമിനല്‍ അന്വേഷണത്തെ നിസാരമാക്കി പറയാന്‍ സാധിക്കും. അതായത്, 50 ശതമാനം വനിതാ അംഗങ്ങളുള്ള ചലച്ചിത്ര മേഖലയിലെ ഏക സംഘടനയെന്ന നിലയില്‍, അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നടപടിയും സ്വീകരിക്കേണ്ടതില്ല എന്ന ഉദാഹരണം. ഇതിനെല്ലാം പകരമായി, പൊതുസമൂഹത്തില്‍ അവരുടെ പ്രശ്‌നങ്ങളെ അന്യവല്‍ക്കരിക്കാനും, പരിഹസിക്കാനും, എല്ലാ ശ്രമങ്ങളുമുണ്ടാകുമെന്നത് പോലെയാണ്.

ഞങ്ങളുടെ സഹപ്രവര്‍ത്തകരും, കുടുംബവും, മാധ്യമങ്ങളും ഇക്കാര്യത്തില്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി ചോദിക്കുന്നത്. വ്യക്തിപരവും തൊഴില്‍പരവുമായ ബന്ധങ്ങള്‍ മാറ്റി നിര്‍ത്തി ഞങ്ങള്‍ ചിന്തിച്ചു, രേവതിയോ, പദ്മപ്രിയയോ, അമ്മയിലെ മറ്റേതെങ്കിലും അഗങ്ങളോ പ്രതികരിക്കുന്നതിനെ കുറിച്ചോ, രാജി വെക്കുന്നതിനെ കുറിച്ചോ ആണോ ഈ വിഷയം? ഒരു പരിധി വരെ അതെ, പക്ഷെ ഈ സന്ദര്‍ഭത്തില്‍ ഞങ്ങളെ കുറിച്ച് മാത്രമല്ല ഇത്. അമ്മ നേതൃത്വം അവരുടെ നിലപാട് വ്യക്തമാക്കേണ്ട സമയമാണ് ഇത്. ഞങ്ങളെ ചോദ്യം ചെയ്യുന്നതിനുപകരം, അവര്‍ സ്വയം ചോദ്യം ചെയ്യുകയും അവരുടെ നിലപാടുകള്‍ പങ്കുവെക്കുകയും ചെയ്യേണ്ട സമയമാണിത്.

ഞങ്ങള്‍ രണ്ട് പേരും അമ്മ നേതൃത്വത്തിലെ ഓരോ അംഗത്തിനും താഴെ പറയുന്ന ചോദ്യങ്ങളുമായി കത്തയച്ചിട്ടുണ്ട്;

1. ഒരു ചാനല്‍ പരിപാടിയില്‍ ശ്രീ ഇടവേള ബാബു നടത്തിയ പരാമര്‍ശങ്ങളിലും അതില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ ശ്രീ ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണത്തിലും അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഓരോ അംഗങ്ങളും ഒരു വ്യക്തി എന്ന നിലയില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്?

2. സംഘടനാ നേതൃത്വത്തിലെ ചില അംഗങ്ങള്‍ അമ്മയെയും ചലച്ചിത്ര മേഖലയെയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയില്‍ പെരുമാറുമ്പോള്‍ എന്ത് നടപടിയുണ്ടാകും?

3. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ സിദ്ദിഖിനെതിരായ ലൈംഗികാരോപണ പരാതി സംബന്ധിച്ച വിഷയത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി അഭിമുഖത്തില്‍ നടത്തിയ പ്രതികരണം അനുസരിച്ച്, ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി ഏതെങ്കിലും നിയമം നടപ്പാക്കിയിട്ടുണ്ടോ?'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവള്‍ക്കൊപ്പം, അമ്മ നേതൃത്വം പ്രതികരിക്കുക എന്നീ ഹാഷ്ടാഗുകളോടെയാണ് രേവതിയും പദ്മപ്രിയയും കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മുകേഷ്, ജഗദീഷ്, അജു വര്‍ഗീസ്, ആസിഫ് അലി, ബാബുരാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, രജന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കാണ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരിക്കുന്നതെന്നും അവര്‍വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in