പാസ്സ്വേര്‍ഡ് ഷെയറിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; കമ്പനിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ പുതിയ പദ്ധതികളുമായി നെറ്റ്ഫ്‌ലിക്‌സ്

പാസ്സ്വേര്‍ഡ് ഷെയറിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; കമ്പനിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ പുതിയ പദ്ധതികളുമായി നെറ്റ്ഫ്‌ലിക്‌സ്

കൊവിഡ് മഹാമാരിയുടെ വരവോടു കൂടി 2020 തുടക്കത്തിൽ നെറ്റ്ഫ്ലിക്സ് നേടിയത് 16 മില്യൺ പുതിയ വരിക്കാരെയാണ്. എന്നാൽ ഇപ്പോൾ, ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി, നെറ്റ്ഫ്ലിക്സിന് വരിക്കാരെ നഷ്ടപ്പെട്ടിരിക്കുന്നു. ഷെയർ ഹോൾഡേഴ്സിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ 2 ലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് 2022 ന്റെ തുടക്കത്തിൽ നെറ്റ്ഫ്ലിക്സിന് നഷ്ടമായിരിക്കുന്നത്.

2022ന്റെ അവസാനത്തോടെ 2 മില്യൺ വരിക്കാരെ നഷ്ടമാകുമെന്നാണ് നെറ്റ്ഫ്ലിക്സ് കരുതുന്നത്. ആ വാദം ശരിവെക്കുന്നതാണ് ചൊവ്വാഴ്ച മുതൽ കുത്തനെ ഇടിഞ്ഞു തുടങ്ങിയ നെറ്റ്ഫ്ലിക്സ് ഓഹരികൾ. 2 ദിവസം കൊണ്ട് 39 ശതമാനം വരെയാണ് ഓഹരികൾ ഇടിഞ്ഞത്. ഒരു അക്കൗണ്ട് തന്നെ പങ്കിടുന്ന ധാരാളം കുടുംബങ്ങൾ, മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുമായുള്ള കടുത്ത മത്സരം, റഷ്യ-ഉക്രെയ്ൻ യുദ്ധം, ഇൻഫ്ലേഷൻ തുടങ്ങിയവയെയാണ് നെറ്ഫ്ലിക്സിന്റെ മോശം പ്രകടനത്തിന് കാരണമായി കമ്പനിയുടെ കത്തിൽ പറയുന്നത്.

ഷെയർഹോൾഡേഴ്‌സിനുള്ള കത്തിൽ, നെറ്റ്ഫ്ലിക്സ് അതിന്റെ പല കണ്ടന്റിനും ആഗോള ജനപ്രീതി ഉണ്ടായിരുന്നിട്ടും അതിന്റെ വരുമാന വളർച്ച വളരെ പതിയെയായത് എങ്ങനെയെന്ന് വിശദീകരിച്ചു. കുറച്ചുകാലമായി ഉടലെടുത്ത പ്രശ്നങ്ങൾ 2020 ലെ വമ്പിച്ച വളർച്ചയിൽ മറഞ്ഞിരിക്കുന്നതിനാൽ പെട്ടെന്ന് വ്യക്തമല്ലെന്നും കത്തിൽ പറയുന്നുണ്ട്.

“Covid clouded the picture by significantly increasing our growth in 2020, leading us to believe that most of our slowing growth in 2021 was due to the Covid pull forward,” കത്തിൽ പറയുന്നു.

നെറ്റ്ഫ്ലിക്സിന്റെ അഭിപ്രായത്തിൽ, നാല് പ്രധാന ഘടകങ്ങളാണ് കമ്പനിയുടെ നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ചു.

നെറ്റ്ഫ്ലിക്‌സിനെ ജനപ്രിയമാക്കിയതിൽ പാസ്‌വേഡുകൾ അല്ലെങ്കിൽ അക്കൗണ്ടുകൾ ഷെയർ ചെയ്യാൻ കഴിയുന്നത് പ്രധാന ഘടകമായിരുന്നു. ഇത്, "പല വിപണികളിലും അംഗത്വം വളർത്തുന്നത് ബുദ്ധിമുട്ടാക്കി, ഞങ്ങളുടെ കൊവിഡ് വളർച്ച മറച്ചുവെച്ച ഒരു പ്രശ്നം" എന്നും കമ്പനി പറഞ്ഞു.

ബ്രോഡ്‌ബാൻഡ് കണക്ഷനുകളുള്ള വീടുകളിൽ "സ്മാർട്ട് ടിവികളുടെ ഉപയോഗം, ഡാറ്റാ ചെലവുകൾ" എന്നിവയും ബാധിച്ചതായി കമ്പനി സമ്മതിച്ചു.

മത്സരത്തിന്റെ രീതി മാറിയതിനെയാണ് മൂന്നാമത്തെ ഘടകമായി നെറ്റ്ഫ്ലിക്സ് കാണുന്നത്. കഴിഞ്ഞ 15 വർഷമായി നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ, ഹുലു എന്നിവയിൽ നിന്ന് ശക്തമായ മത്സരം അനുഭവിച്ചിട്ടുണ്ടെന്ന് കത്തിൽ വിശദീകരിച്ചു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി പരമ്പരാഗത വിനോദ കമ്പനികൾ ഉൾപ്പെടെ നിരവധി പുതിയ സ്ട്രീമിംഗ് സേവനങ്ങൾ ആരംഭിച്ചതും നെറ്റ്ഫ്ലിക്സിനെ പ്രതിസന്ധിയിലേക്ക് എത്തിച്ചു.

അവസാനമായി, നെറ്റ്ഫ്ലിക്സ്, പതിയെയുള്ള സാമ്പത്തിക വളർച്ച, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം പോലുള്ള ഭൗമരാഷ്ട്രീയ സംഭവങ്ങൾ, കോവിഡിൽ നിന്നുള്ള തുടർച്ചയായ ചില തടസ്സങ്ങൾ എന്നിവയുൾപ്പെടെയുള്ള "മാക്രോ ഘടകങ്ങളുടെ" സാധ്യതയും ചൂണ്ടിക്കാട്ടി.

നെറ്റ്ഫ്ലിക്സിന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കമ്പനി സ്വീകരിച്ച തീരുമാനങ്ങളും സോഷ്യൽ മീഡിയയിൽ ആകമാനം ട്രെൻഡിങ് ചർച്ചയാണ്. നെറ്റ്ഫ്ലിസ് അക്കൗണ്ടിന്റെ പാസ്സ്‌വേർഡ്, ഷെയർ ചെയ്തുപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പാസ്സ്‌വേർഡ് ഷെയറിങ്ങിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് കമ്പനിയുടെ പുതിയ നീക്കം. ഇത് എങ്ങനെ നിർവഹിക്കുമെന്ന് നെറ്റ്ഫ്ലിക്സ് കൃത്യമായി വിശദീകരിച്ചിട്ടില്ല. എന്നാൽ ചിലി, പെറു, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ പുതിയ ഫീച്ചർ ലോഞ്ച് ചെയ്യുകയും പരീക്ഷിക്കുകയും ചെയ്യുന്നതായി കമ്പനിയുടെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിൽ സൂചനയുണ്ട്. ആ ഫീച്ചർ അനുസരിച്ച് പ്രാഥമിക അക്കൗണ്ട് ഉടമകൾ അവരുടെ വീടിന് പുറത്തുള്ള ഉപയോക്താക്കളെ ചേർക്കുന്നതിന് പണം നൽകണം. ഷെയർഹോൾഡേഴ്‌സിനുള്ള കത്തിൽ ഷെയറിംഗ് അക്കൗണ്ടുകളിൽ നിന്ന് പണം ഈടാക്കുന്നതിന് മറ്റ് അവ്യക്തമായ വഴികളുടെ സാധ്യതയും പരാമർശിക്കുന്നുണ്ട്.

നെറ്റ്ഫ്ലിക്സ് അതിന്റെ പ്രോഗ്രാമുകളുടെ കണ്ടന്റുകളിലും കൂടുതൽ ശ്രദ്ധിക്കണം എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. അതിന്റെ Q1 2022 വരുമാന അഭിമുഖ വീഡിയോയിൽ, കോ-സിഇഒയും ചീഫ് കണ്ടൻറ് ഓഫീസറുമായ ടെഡ് സരൻഡോസ് പറയുന്നത്, "മുൻനിര വരിക്കാരുടെ വളർച്ചയിൽ ഞങ്ങൾ സന്തുഷ്ടരല്ല, എല്ലാ മാസവും ഞങ്ങൾക്ക് ഒരു ബ്രിഡ്ജർട്ടണും ഒരു ആഡം പ്രോജക്റ്റും ആവശ്യമാണ്" എന്നാണ്.

നെറ്റ്ഫ്ലിക്സ് വളർന്നത് തിരക്കഥ ഇല്ലാത്ത കണ്ടെന്റുകളിലൂടെയും, റിയാലിറ്റി ഷോകളിലൂടെയുമാണെന്ന് ടെഡ് സരൻഡോസ് പറയുന്നുണ്ട്. ഇന്റർനാഷണൽ കണ്ടന്റിനെ കുറിച്ച് പറയുന്ന കൂട്ടത്തിൽ ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിനുണ്ടാകുന്ന ഉയർച്ചയെ കുറിച്ചും, വരാനിരിക്കുന്ന ടൈറ്റിലുകളിൽ ഉയർന്ന പ്രതീക്ഷയുള്ളതിനെ കുറിച്ചും ടെഡ് സരൻഡോസ് പരാമർശിച്ചു.

നെറ്റ്ഫ്ലിക്സ് മാനേജ്മെന്റിന് ഉയർന്നുവന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്ന് അവരുടെ ചില എതിരാളികളുടെ പരസ്യ മോഡലുകൾ ആവർത്തിക്കണോ എന്നതാണ്. പരസ്യങ്ങൾ ഉൾപ്പെടുന്ന ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിനായി ഉപയോക്താക്കളിൽ നിന്ന് കുറച്ച് പണം ഈടാക്കുക എന്നതാണ് ആശയം. ലോ-എൻഡ് പ്ലാനുകളിലെ പരസ്യമാണ്‌ വില വ്യാപനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗമെന്ന് നെറ്റ്ഫ്ലിക്സ് കോ-സിഇഒ വിൽമോട്ട് റീഡ് ഹേസ്റ്റിംഗ്സ് പരാമർശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in