'തുല്യവേതനം ജന്‍ഡര്‍ പ്രശ്‌നം മാത്രമല്ല'; ന്യായവേതനം ലഭിക്കാത്ത സന്ദര്‍ഭങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് നീരജ് മാധവന്‍

'തുല്യവേതനം ജന്‍ഡര്‍ പ്രശ്‌നം മാത്രമല്ല'; ന്യായവേതനം ലഭിക്കാത്ത സന്ദര്‍ഭങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് നീരജ് മാധവന്‍

മലയാള സിനിമയില്‍ തുല്യവേതന പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ അത് ജന്‍ഡര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രശ്‌നം മാത്രമല്ലെന്നും നടന്‍ നീരജ് മാധവ്. ന്യായമല്ലാത്ത രീതിയില്‍ വേതനം ലഭിക്കുന്ന സന്ദര്‍ഭങ്ങളിലൂടെ തനിക്കും കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്നും നീരജ് മാധവന്‍ പറഞ്ഞു.

സിനിമയ്ക്ക് കാര്യമായ കച്ചവടം കൊണ്ടുവരാത്ത നടന് പോലും തന്നെക്കാള്‍ ഉയര്‍ന്ന തുക നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ നീരജ് പറഞ്ഞു. തുല്യവേതനമല്ല, ന്യായവേതനമാണ് ആവശ്യപ്പെടുന്നതെന്ന അപര്‍ണ ബലമുരളിയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടായിരുന്നു നീരജ് മാധവ് സംസാരിച്ചത്.

നീരജ് മാധവ് പറഞ്ഞത്:

തുല്യവേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതൊരു ജന്‍ഡര്‍ ബേസ്ഡ് പ്രശ്‌നമായാണ് കാണാറുള്ളത്. അത് യാഥാര്‍ഥ്യമാണ്, ഇല്ല എന്നല്ല. എന്നാല്‍ എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയുകയുള്ളു. സഹനടിമാരുടെ വേതനത്തെക്കുറിച്ച് എനിക്കൊന്നും അറിയാത്തതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ പറയാനാകില്ല. വളര്‍ന്നു വരുന്ന ഒരു സ്റ്റേജില്‍, നമുക്ക് വോയിസ് ഇല്ലാതെയിരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഇത്രയേ വിലയുള്ളു എന്നെല്ലാം ഒരു ടാഗില്‍ കൊണ്ടുവന്നിട്ട് നമ്മളെ അടിച്ചമര്‍ത്താനാണ് ആളുകള്‍ ശ്രമിക്കുക.

ന്യായമല്ലാത്ത രീതിയില്‍ വേതനം ലഭിക്കുന്ന സാഹചര്യങ്ങളിലൂടെ എനിക്കും കടന്നുപോവേണ്ടിവന്നിട്ടുണ്ട്. അതും വാണിജ്യമൂല്യം പോലുമല്ലാത്ത മറ്റു ചില വിഷയങ്ങള്‍ കാരണം. സിനിമയ്ക്കു അത്രത്തോളം ബിസിനസ്സ് കൊണ്ടുവരുന്നുണ്ടെന്ന് തോന്നിയിട്ടില്ലാത്തവര്‍ക്കുപോലും, 'അവര്‍ക്കത്രെയെങ്കിലും കൊടുകാത്തിരിക്കാന്‍ പറ്റില്ല' എന്ന് പറയാറുണ്ട്.

ആത്യന്തികമായി ഇതില്‍ ചെയ്യാവുന്നത്, ആ പണത്തിനു ജോലിചെയ്യാതിരിക്കാനുള്ള തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. പക്ഷെ കടന്നുവരാന്‍ പ്രയാസപ്പെടുന്ന ഒരു സ്റ്റേജില്‍ അത് വിട്ടുകളയുക സാധ്യമല്ല. പക്ഷെ അങ്ങനെ ഒരു സ്ഥാനം നേടിയെടുത്തതിന് ശേഷം അത് ചോദിക്കുക എന്നതാണ് ചെയ്യാവുന്നത്. വളരെ സങ്കീര്‍ണ്ണമായിട്ടുള്ള കാര്യമാണിത്.

വാണിജ്യാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ സിനിമ നിങ്ങളുടെ പേരില്‍ വില്‍ക്കാന്‍ സാധിക്കുമോ എന്നതാണ് അവര്‍ ചോദിക്കുന്നത്. തീര്‍ച്ചയായും സിനിമ ഒരു കച്ചവടമായി ചിന്തിക്കുമ്പോള്‍ അങ്ങനെയാണ്. കലാകാരന്റെ കഴിവിനെയാണോ അവിടെ മാനിക്കുന്നത് എന്നത് ഒരു പ്രതിസന്ധിയാണ്. ഇതിന്റെയിടയില്‍ ഒരു സ്ഥാനം ഉണ്ടായിരിക്കുകയായാണ് ചെയ്യേണ്ടത്.

നീരജ് മാധവും അപര്‍ണബലമുരളിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സുന്ദരി ഗാര്‍ഡന്‍സ് എന്ന സിനിമയുടെ പ്രചാരണത്തോടനുബന്ധിച്ച അഭിമുഖത്തിലാണ് ഇരുവരും തുല്യവേതനത്തെക്കുറിച്ച് സംസാരിച്ചത്. സുന്ദരി ഗാര്‍ഡന്‍സ് സെപ്തംബര്‍ 2 ന് സോണി ലിവില്‍ റിലീസ് ചെയ്തിരുന്നു. നവാഗതനായ ചാര്‍ളി ഡേവിസാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സലിം അഹമ്മദ്, കബീര്‍ കൊട്ടാരം, റസാഖ് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in