തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് നടന്നതിന് നയന്‍താരയ്‌ക്കെതിരെ വിമര്‍ശനം; ക്ഷമ ചോദിച്ച് വിഗ്നേഷ് ശിവന്‍

തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് നടന്നതിന് നയന്‍താരയ്‌ക്കെതിരെ വിമര്‍ശനം; ക്ഷമ ചോദിച്ച് വിഗ്നേഷ് ശിവന്‍

തെന്നിന്ത്യന്‍ താരം നയന്‍താരയും വിഗ്നേഷ് ശിവനും ജൂണ്‍ 9നാണ് വിവാഹിതരായത്. ചെന്നൈയിലെ മഹാബലിപുരത്ത് വെച്ച് നടന്ന ഇരുവരുടെയും വിവാഹം ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ നയന്‍താരയ്‌ക്കെതിരെയുള്ള പുതിയ വിവാദമാണ് ചര്‍ച്ചയാകുന്നത്. ജൂണ്‍ 10ന് തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നയന്‍താരയും വിഗ്നേഷ് ശിവനും ദര്‍ശനത്തിന് എത്തിയരുന്നു. ദര്‍ശനത്തിനിടെ നയന്‍താര ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് നടന്നു എന്നതാണ് പുതിയ വിവാദം.

നയന്‍താര ചെരുപ്പിട്ട് നടന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ക്ഷേത്ര ആചാരങ്ങള്‍ ലംഘിച്ചതിന് തിരുമല തിരുപ്പതി ദേവസ്ഥാനം നയന്‍താരയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിശദീകരണം തേടി ക്ഷേത്ര അധികൃതര്‍ വിഗ്നേഷ് ശിവനെ ഫോണ്‍ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിഗ്നേഷേ് സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് അധികൃതര്‍ക്ക് കത്ത് എഴുതുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഗ്നേഷ് ശിവന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം:

'വിവാഹത്തിന് ശേഷം ഞങ്ങള്‍ നേരെ പോയത് തിരുപ്പതി അമ്പലത്തിലേക്കാണ്. വീട്ടിലേക്ക് പോലും ഞങ്ങള്‍ പോയിരുന്നില്ല. ക്ഷേത്ര ദര്‍ശനം കഴിഞ്ഞപ്പോഴേക്കും നിരവധി ആരാധകര്‍ അമ്പലത്തില്‍ നിന്ന് പുറത്തേക്ക് വരുകയും ഞങ്ങളുടെ ചുറ്റു കൂടുകയും ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും മാറി നിന്നു. പിന്നീട് തിരിച്ചുവന്ന് എഴുമലയന്‍ ക്ഷേത്രത്തിന്റെ മുന്നില്‍ വെച്ച് ഫോട്ടോ ഷൂട്ട് വേഗം നടത്തി അവിടെ നിന്ന് പെട്ടന്ന് തന്നെ പോകാന്‍ ഒരുങ്ങി. വീണ്ടും ആരാധകര്‍ ഞങ്ങളെ കണ്ട് തിരക്ക് കൂട്ടുമോ എന്ന് കരുതിയാണ് പെട്ടന്ന് തന്നെ പോകാന്‍ തീരുമാനിച്ചത്.

ആ തിരക്കില്‍ ഞങ്ങള്‍ ചെരുപ്പ് ഇട്ടിരുന്നോ എന്ന് ശ്രദ്ധിച്ചില്ല. അങ്ങനെയാണ് ചെരുപ്പിട്ട് നടക്കാന്‍ പാടില്ലാത്ത പരിസരത്ത് ചെരുപ്പിട്ട് നടക്കേണ്ടി വന്നത്. അതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. തിരുപ്പതിയില്‍ നിന്ന് വിവാഹം ചെയ്യണം എന്ന ആഗ്രഹത്തില്‍ കഴിഞ്ഞ മാസം മാത്രം അഞ്ച് തവണ ഞങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല.'

The Cue
www.thecue.in