സിനിമ ഇറങ്ങി പിറ്റേദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണ്; മലയാള സിനിമയെ കൊല്ലുകയാണെന്ന് മോഹന്‍ലാല്‍

സിനിമ ഇറങ്ങി പിറ്റേദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണ്; മലയാള സിനിമയെ കൊല്ലുകയാണെന്ന് മോഹന്‍ലാല്‍

സിനിമ റിലീസ് ചെയ്ത അടുത്ത ദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണെന്ന് മോഹന്‍ലാല്‍. ഇത്തരം ഡീഗ്രേഡിങ്ങിലൂടെ മലയാള സിനിമയെ തന്നെ കൊല്ലുകയാണ് ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ മരക്കാര്‍ സിനിമക്കെതിരെ നടന്ന ഡീഗ്രേഡിങ്ങിനെ കുറിച്ച് പ്രതികരിച്ചത്.

മോഹന്‍ലാല്‍ പറഞ്ഞത്:

'ഡീഗ്രേഡിങ്ങ് ചെയ്യുന്നത് ആരാണെന്ന് നമുക്ക് അറിയില്ലലോ ഇതുപോലുള്ള സിനിമകള്‍ വന്നാലേ സിനിമയുടെ വീല്‍ മുന്നോട്ട് ചലിക്കൂ. അമ്മക്ക് ഇത്തരം കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തികച്ചും വ്യത്യസ്തമായ കാര്യമാണിത്. സിനിമ കണ്ടിട്ട് നല്ലതാണെങ്കില്‍ നല്ലതെന്ന് പറയാം മോശമാണെങ്കില്‍ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിങ്ങ് ഉണ്ടായി. അത് ഈ സിനിമയ്ക്ക് മാത്രമല്ല ഒരുപാട് സിനിമയ്ക്കെതിരെയും ഉണ്ടായി. ഇതിലൂടെ വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണ്. സിനിമ ഇറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണ്.'

അതേസമയം ഇന്നലെ നടന്ന അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവര്‍ പരാജയപ്പെട്ടു. ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ചത്. ഇവര്‍ക്കെതിരെ വിജയ് ബാബു,ലാല്‍, നാസര്‍ ലത്തീഫ് എന്നിവരാണ് മത്സരിച്ചത്.

ഔദ്യോഗിക പാനലിലെ ഒന്‍പത് പേരും ലാലും വിജയ് ബാബുവുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in