തിയേറ്ററിൽ 'മിന്നൽ മുരളി' കാണാം, ജിയോ മാമിയിൽ പ്രിമിയർ

തിയേറ്ററിൽ 'മിന്നൽ മുരളി' കാണാം, ജിയോ മാമിയിൽ പ്രിമിയർ

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ടൊവിനോ തോമസ് നായകനായ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം കൂടിയായ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സ് റിലീസിന് മുന്‍പ് ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലിലൂടെ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടക്കും. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ ചെയര്‍പേഴ്‌സണും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഫെസ്റ്റിവല്‍ പ്രമീയറിന്റെ ഭാഗമായി പ്രിയങ്ക ചോപ്ര, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതി കിരണ്‍ എന്നിവര്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ജിയോ മാമി അധികൃതര്‍ പുറത്തുവിട്ടിരുന്നു. മിന്നല്‍ മുരളി വളരെ അധികം ഇഷ്ടപ്പെട്ടുവെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.

സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡിസംബര്‍ 24നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ പ്രീമിയര്‍ ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in