വീരന്‍ മണ്ണില്‍ ഇറങ്ങി..., ടൊവിനോ തോമസിന്റെ 'മിന്നല്‍ മുരളി' തീം സോംഗ്

വീരന്‍ മണ്ണില്‍ ഇറങ്ങി..., ടൊവിനോ തോമസിന്റെ 'മിന്നല്‍ മുരളി' തീം സോംഗ്

ടൊവിനോ തോമസിന്റെ കരിയറിലെ വന്‍ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന മിന്നല്‍ മുരളിയിലെ തീം സോംഗ് പുറത്തിറങ്ങി. മിന്നല്‍ മുരളി എന്ന നാടന്‍ സൂപ്പര്‍ ഹീറോയുടെ അവതരണ ഗാനവുമാണിത്. റാപ്പര്‍ മര്‍ത്യനും സുഷിന്‍ ശ്യാമുമാണ് പാടിയിരിക്കുന്നത്. സുഷിന്‍ തന്നെയാണ് സംഗീത സംവിധാനം. മനു മഞ്ജിത് ആണ് ഗാനരചന. ബേസില്‍ ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സില്‍ ഡിസംബര്‍ 24ന് റിലീസ് ചെയ്യും.

വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് (സോഫിയ പോള്‍ )നിര്‍മ്മിച്ച ആക്ഷന്‍ ചിത്രത്തില്‍ ഗുരു സോമസുന്ദരം,ഹരിശ്രീ അശോകന്‍,അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.

തുടക്കം മുതല്‍ തന്നെ മിന്നല്‍ മുരളി എന്ന കഥാപാത്രത്തോട് തനിക്ക് ഒരടുപ്പം തോന്നിയിരുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞിരുന്നു. കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് മിന്നല്‍ മുരളിയിലൂടെ തങ്ങള്‍ ശ്രമിച്ചതെന്ന് സംവിധയകന്‍ ബേസില്‍ ജോസഫ്. ചിത്രം നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമെന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.

The Cue
www.thecue.in