മരക്കാര്‍ തിയേറ്ററിലെത്തിക്കാന്‍ സര്‍ക്കാര്‍, ആന്റണി പെരുമ്പാവൂരുമായി മന്ത്രി സജി ചെറിയാന്റെ ചര്‍ച്ച

മരക്കാര്‍ തിയേറ്ററിലെത്തിക്കാന്‍ സര്‍ക്കാര്‍, ആന്റണി പെരുമ്പാവൂരുമായി മന്ത്രി സജി ചെറിയാന്റെ ചര്‍ച്ച

മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയേറ്ററുകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. മരക്കാര്‍ ആമസോണ്‍ പ്രൈം വഴി പ്രിമിയര്‍ ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തല ഇടപെടല്‍. സിനിമാ മന്ത്രി സജി ചെറിയാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രതിനിധികളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തും. കൊവിഡ് പ്രതിസന്ധിക്കൊടുവില്‍ പത്ത് മാസത്തിന് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ മരക്കാര്‍ പോലൊരു വമ്പന്‍ സിനിമ റിലീസ് ചെയ്താല്‍ മാത്രമേ തിയറ്ററുകള്‍ സജീവമാകൂ എന്നാണ് ചലച്ചിത്ര മേഖലയിലെ മിക്ക സംഘടനകളുടെയും അഭിപ്രായം. ഇതേ നിലപാടാണ് സര്‍ക്കാരിനും. മരക്കാര്‍ തിയറ്ററിലത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

100 കോടി മുടക്കുമുതലുള്ള സിനിമ ആയതിനാല്‍ 40 കോടി രൂപ തിയേറ്റര്‍ അഡ്വാന്‍സായി ലഭിച്ചാല്‍ മാത്രമേ മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാകൂ എന്നാണ് ആന്റണി പെരുമ്പാവൂര്‍ ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും അറിയിച്ചിരുന്നത്. കൊല്ലം ഗസ്റ്റ് ഹൗസില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന ചര്‍ച്ചയില്‍ സംവിധായകന്‍ പ്രിയദര്‍ശനും പങ്കെടുക്കും.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് മുന്നോടിയായി 2019ല്‍ തിയേറ്ററുടമകള്‍ നല്‍കിയ അഞ്ച് കോടി രൂപ അഡ്വാന്‍സ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞയാഴ്ച തിരികെ നല്‍കിയിരുന്നു. കേരളത്തിലെ റിലീസ് സെന്ററുകളില്‍ തുടര്‍ച്ചയായി മൂന്നാഴ്ച മരക്കാര്‍ മാത്രം റിലീസ് ചെയ്യുന്ന സാഹചര്യമുണ്ടെങ്കില്‍ സിനിമ നല്‍കാമെന്നായിരുന്നു ആന്റണി തുടക്കത്തില്‍ പറഞ്ഞിരുന്നത്. തിയറ്ററുകളില്‍ പകുതി ആളുകള്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കി കൊണ്ട് പ്രദര്‍ശനം നടത്തിയാല്‍ മരക്കാര്‍ പോലൊരു സിനിമക്ക് മുടക്കുമുതല്‍ തിരിച്ച് പിടിക്കാന്‍ ചുരുങ്ങിയത് ഒരു മാസത്തെ ഹൗസ് ഫുള്‍ ഷോ വേണ്ടിവരുമെന്നാണ് ചലച്ചിത്രമേഖലയിലുള്ളവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടം ഒഴിവാക്കാനാണ് ആന്റണി പെരുമ്പാവൂര്‍ ഒടിടി പ്രിമിയര്‍ എന്ന സാധ്യതയിലേക്ക് കടന്നതെന്നും ഫിലിം ചേംബര്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

ആമസോണ്‍ പ്രൈം വീഡിയോക്ക് ഒടിടി പ്രിമിയറായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം നല്‍കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത ഇടപെടല്‍. മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ ദീപാവലി-ക്രിസ്മസ് റിലീസുകള്‍ക്കും തുടര്‍ന്നെത്തുന്ന ചെറുസിനിമകള്‍ക്കും വലിയ ഗുണം ചെയ്യുമെന്നാണ് ചലച്ചിത്ര മേഖലയുടെ വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in