ഫാന്‍സ് ഷോ പുലര്‍ച്ചെ മുതല്‍, എല്ലാ ജില്ലകളിലും മാരത്തോണ്‍ ഷോ; 'മരക്കാര്‍' ലക്ഷ്യമിടുന്നത് തകര്‍ക്കാനാത്ത റെക്കോര്‍ഡ്

ഫാന്‍സ് ഷോ പുലര്‍ച്ചെ മുതല്‍, എല്ലാ ജില്ലകളിലും മാരത്തോണ്‍ ഷോ; 'മരക്കാര്‍' ലക്ഷ്യമിടുന്നത് തകര്‍ക്കാനാത്ത റെക്കോര്‍ഡ്

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുന്നത് മലയാളത്തിലെ ബോക്‌സ് ഓഫീസ് റെക്കോഡ് തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ചിത്രം തിയേറ്ററിലെത്തുമ്പോള്‍ പുലര്‍ച്ചെ തുടങ്ങുന്ന ഫാന്‍സ് ഷോ മുതല്‍ മാരത്തോണ്‍ ഷോകള്‍ വരെയാണ് കേരളത്തിലുടനീളം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് തിയേറ്ററില്‍ മാത്രം റിലീസ് ദിവസം മരക്കാറിന്റെ 42ല്‍ മുകളില്‍ ഷോകളാണ് നടക്കുക.

മലയാള സിനിമ ഇന്നേവരെ കണ്ടതില്‍ ഏറ്റവും വലിയ റിലീസായിരിക്കും മരക്കാറിന്റേതെന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വിമല്‍ കുമാര്‍ ദ ക്യുവിനോട് പറഞ്ഞു. പുലര്‍ച്ചെ 12 മണിക്കാണ് ഫാന്‍സ് ഷോ തുടങ്ങുന്നത്. ഏരീസ് പ്ലക്‌സിലെ പോലെ ആദ്യ ദിവസം മാരത്തോണ്‍ ഷോ കേരളത്തിലെ മറ്റ് ജില്ലകളിലും നടക്കാന്‍ സാധ്യതയുണ്ടെന്ന് വിമല്‍ കുമാര്‍ വ്യക്തമാക്കി. ഫാന്‍സ് അസോസിയേഷനെ സംബന്ധിച്ച് മരക്കാര്‍ റിലീസ് വലിയൊരു ആഘോഷമായിരിക്കുമെന്നും വിമല്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

വിമല്‍ കുമാര്‍ പറഞ്ഞത്:

'മരക്കര്‍ റിലീസുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷകള്‍ തന്നെയാണ് ഉള്ളത്. ആ പ്രതീക്ഷക്ക് മുകളില്‍ വിജയമുണ്ടാകുമെന്നാണ് കരുതുന്നത്. പിന്നെ ഫാന്‍സ് അസോസിയേഷനെ സംബന്ധിച്ച് ഇത് വലിയൊരു ആഘോഷമായിരിക്കും. മരക്കാറിന്റെ ഫാന്‍സ്‌ഷോ തുടങ്ങുന്നത് പോലും രണ്ടാം തീയതി പുലര്‍ച്ച 12 മണിക്കാണ്. ഒരു മാരിത്തോണ്‍ പോലെയായിരിക്കും ഷോ നടക്കുക. കേരളത്തിലെ തിയേറ്ററുകളുടെ പൂര്‍ണ്ണമായ എണ്ണം മൂന്ന് ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും. ഇപ്പോള്‍ ചാര്‍ട്ടിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും റെക്കോഡ് ബേധിക്കുന്ന വിധത്തിലായിരിക്കും തിയേറ്ററുകളുടെ എണ്ണം. തിരുവനന്തപുരത്തെ ഏരീസില്‍ 42ന് മുകളില്‍ ഷോകളുണ്ടാവും. അതേ രീതിയിലുള്ള മാരത്തോണ്‍ ഷോകള്‍ കേരളത്തിലെ എല്ലാ ജില്ലയിലും ഉണ്ടാവാനാണ് സാധ്യത.

രണ്ട് വര്‍ഷം മുന്‍പ് റിലീസ് തീരുമാനിച്ച സിനിമയായിരുന്നു മരക്കാര്‍. പിന്നീട് കൊവിഡ് കാരണം അത് നീണ്ട് പോയി. എന്നിരുന്നാലും മരക്കാര്‍ വേള്‍ഡ് വൈഡായാണ് റിലീസ് ചെയ്യുന്നത്. ചൈനയില്‍ വരെ സിനിമ റിലീസ് ചെയ്യുന്നുണ്ട്. എന്തായാലും മലയാള സിനിമയ്ക്ക് ഇന്നേവരെ കിട്ടിയതില്‍ ഏറ്റവും വലിയ റിലീസായിരിക്കും മരക്കാര്‍.'

Related Stories

No stories found.
logo
The Cue
www.thecue.in