എല്ലാവരും 1000 കോടിയുടെ പിറകെയാണ്, ഇത് സിനിമ മേഖലയെ ബാധിക്കും: മനോജ് ബാജ്‌പേയ്

എല്ലാവരും 1000 കോടിയുടെ പിറകെയാണ്, ഇത് സിനിമ മേഖലയെ ബാധിക്കും: മനോജ് ബാജ്‌പേയ്

1000 കോടി ബോക്‌സ് ഓഫീസ് ചര്‍ച്ചകള്‍ക്ക് പിറകെ പോകുന്നത് സിനിമ മേഖലയെ മോശമായി ബാധിക്കുമെന്ന് നടന്‍ മനോജ് ബാജ്‌പെയ്. ആരും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചോ അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചോ പറയുന്നില്ലെന്നും എല്ലാവരുടെയും ശ്രദ്ധ 1000 കോടിയില്‍ ആണെന്നും താരം പറയുന്നു.

സിനിമയെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ മറ്റു വിഭാഗങ്ങളുടെ സംഭാവനയെക്കുറിച്ചോ ആര്‍ക്കും ഒന്നും തന്നെ സംസാരിക്കേണ്ട. നമ്മളെല്ലാം ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇത് അവസാനിക്കാനും പോകുന്നില്ല. മനോജ് ബാജ്‌പേയ് പറഞ്ഞു.

നിങ്ങളുടെ സിനിമ വിജയിക്കാത്തത് എന്തുകൊണ്ടാണ് എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ നിരൂപകര്‍ ചോദിക്കുന്നത്. മെയിന്‍ സ്ട്രീമില്‍ ഉള്ളവരോടാണ് ഇത് ചോദിക്കുന്നത്. ഞാന്‍ ഒരിക്കലും ആ ലോകത്തിന്റെ ഭാഗമല്ല. ഞങ്ങളുടെ സിനിമ തിയേറ്ററില്‍ എത്തിക്കുക എന്നത് മുമ്പും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകളും 1000 കോടി ക്ലബുകളും വന്നതോടെ അത് കുറച്ചുകൂടി ബുദ്ധിമുട്ടുള്ളതായി. ഒ.ടി.ടി എന്നെപ്പോലുള്ള അഭിനേതാക്കള്‍ക്ക് അനുഗ്രഹമായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ ആര്‍.ആര്‍.ആര്‍, പ്രശാന്ത് നീലിന്റെ കെജിഎഫ് 2 എന്നീ സിനിമകളാണ് ഈ വര്‍ഷം മാത്രം 1000 കോടി ക്ലബില്‍ ഇടം നേടിയ സിനിമകള്‍. രണ്ട് സിനിമകള്‍ക്കും വലിയ സ്വീകാര്യതയാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്.