'പൊന്നിയിന്‍ സെല്‍വനി'ല്‍ ചോള രാജാക്കന്‍മാരെ മോശമായി ചിത്രീകരിക്കുന്നു; മണിരത്‌നത്തിനും വിക്രമിനും നോട്ടീസ്

'പൊന്നിയിന്‍ സെല്‍വനി'ല്‍ ചോള രാജാക്കന്‍മാരെ മോശമായി ചിത്രീകരിക്കുന്നു; മണിരത്‌നത്തിനും വിക്രമിനും നോട്ടീസ്

പൊന്നിയിന്‍ സെല്‍വനില്‍ ചോള രാജക്കന്‍മാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകന്‍ മണിരത്‌നത്തിനും നടന്‍ വിക്രമിനും നോട്ടീസ്. ചോള രാജാവായിരുന്ന ആദിത്യ കരികാലന്‍ നെറ്റിയില്‍ തിലകക്കുറി അണിഞ്ഞിരുന്നില്ല. പക്ഷെ സിനിമയില്‍ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്‍ നെറ്റിയില്‍ തിലകക്കുറിയുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചോള രാജാക്കന്‍മാരെ കുറിച്ച് തെറ്റായ പരിവേഷമാണ് സമൂഹത്തിന് നല്‍കുക എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

അഭിഭാഷകന്‍ കൂടിയായ സെല്‍വമാണ് ഹര്‍ജിക്കാരന്‍. സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ തിയേറ്റര്‍ റിലീസിന് മുന്‍പ് പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ നോട്ടിസിനോട് മണിരത്‌നവും വിക്രമും പ്രതികരിച്ചിട്ടില്ല. അടുത്തിടെ പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഇതിന് വിവാദത്തിന് തുടക്കം കുറിച്ചത്.

പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ ശെല്‍വന്‍. രണ്ട് ഭാഗങ്ങളിലായാണ് 'പൊന്നിയിന്‍ സെല്‍വന്‍' ഒരുങ്ങുന്നത്. 'ചെക്കാ ചിവന്ത വാനത്തിന്' ശേഷം 4 വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന മണിരത്നം ചിത്രം കൂടിയാണ് 'പൊന്നിയിന്‍ സെല്‍വന്‍'.

ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. 500 കോടിയാണ് സിനിമയുടെ ബജറ്റ്. മണിരത്‌നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in