അട്ടപ്പാടി മധു കേസ്; നിയമ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി

അട്ടപ്പാടി മധു കേസ്; നിയമ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസില്‍ മമ്മൂട്ടിയുടെ ഇടപെടല്‍. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സാഹായ വാഗ്ദാനവുമായി മമ്മൂട്ടി രംഗത്തെത്തിയത്. വിഷയത്തില്‍ നിയമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചു.

മധുവിന്റെ കേസില്‍ പ്രഗത്ഭരായ സര്‍ക്കാര്‍ വക്കീലിനെ തന്നെ കേസില്‍ നിയമിക്കുമന്ന് മന്ത്രി മമ്മൂട്ടിക്ക് ഉറപ്പുകൊടുക്കുകയായിരുന്നു. അതോടൊപ്പം നിയമസഹായം ഭാവിയില്‍ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച് അത് ലഭ്യമാക്കാന്‍ ഉള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാന്‍ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയി മമ്മൂട്ടിയുടെ പിആര്‍ഓ റോബേര്‍ട്ട് കുരിയാക്കോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രണ്ട് ദിവസത്തിനുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മധുവിന്റെ വീട്ടിലെത്തുമെന്ന് മധുവിന്റെ സഹോദരി സരസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 'മമ്മൂക്ക ഞങ്ങളെ വിളിച്ചിരുന്നു. ഞാന്‍ മധുവിന്റെ കേസിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യാമെന്നാണ് അറിയിച്ചത്. അതേ കുറിച്ച് മമ്മൂക്ക നിയമ മന്ത്രിയോടും സംസാരിച്ചിരുന്നു. നിയമ മന്ത്രി ഞങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം എടുക്കാനാണ് ആവശ്യപ്പെട്ടത്. അതേ കുറിച്ച് സംസാരിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളില്‍ അവര്‍ വീട്ടിലെത്തുമെന്നാണ് ഞങ്ങളെ അറിയിച്ചിരിക്കുന്നത്.', എന്നാണ് സരസു പറഞ്ഞത്.

അതേസമയം മധുവിന്റെ കേസില്‍ വിചാരണ വൈകാന്‍ കാരണം പൊലീസാണെന്ന് സപെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് അഡ്വ. വി.ടി രഘുനാഥ് വ്യക്തമാക്കി.

മധുവിന്റെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചതിന് പിന്നാലെയാണ് വിഷയം വിവാദമാകുന്നത്. 2019 ഓഗസ്തിലാണ് വി.ടി രഘുനാഥിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നത്. ഒരു തവണ പോലും വി.ടി രഘുനാഥ് കോടതിയില്‍ ഹാജരായില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി.ടി രഘുനാഥ് കോടതിയില്‍ ഹാജരാകാത്തതെന്നാണ് വിശദീകരണം.

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടിക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in