എപ്പോഴും മാസ്ക് ധരിക്കുക, ജാഗ്രത കൈവിടരുത്: കോവിഡ് വാര്‍ത്ത സ്ഥിരീകരിച്ച് മമ്മൂട്ടി

എപ്പോഴും മാസ്ക് ധരിക്കുക, ജാഗ്രത കൈവിടരുത്: കോവിഡ് വാര്‍ത്ത സ്ഥിരീകരിച്ച് മമ്മൂട്ടി

തനിക്ക് കോവിഡ് ബാധിച്ച കാര്യം സ്ഥിരീകരിച്ച് മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ വിവരം സ്ഥിരീകരിച്ചത്. ഏവരും ജാഗ്രത പാലിക്കണമെന്നും എപ്പോഴും മാസ്ക് ധരിക്കണമെന്നും മമ്മൂട്ടി കുറിപ്പില്‍ പറയുന്നു.

വേണ്ട എല്ലാ മുന്‍കരുതലുകള്‍ സ്വീകരിച്ചെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ചെറിയ പനിയൊഴിച്ചാല്‍ ഞാന്‍ പരിപൂര്‍ണ്ണ ആരോഗ്യവാനാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്‍റൈനിലാണ്. ഏവരും ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എപ്പോഴും മാസ്ക് ധരിക്കുക, സൂക്ഷ്മത കൈവിടരുത്. മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടി പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചെറിയ ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിബിഐ ഫൈവിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. എസ്. എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ ഫൈവ് സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന സിബിഐ ഫ്രാഞ്ചെസിയിലെ അഞ്ചാമത്തെ ചിത്രവുമാണ്. ബാസ്‌കറ്റ് കില്ലിംഗ് പ്രമേയമാക്കിയാണ് സിനിമയെന്ന് എസ്. എന്‍ സ്വാമി നേരത്തെ ദ ക്യുവിനോട് പ്രതികരിച്ചിരുന്നു.

നവംബര്‍ അവസാന വാരം ചിത്രീകരണമാരംഭിച്ച സിബിഐ അഞ്ചാം സീരീസില്‍ ഡിസംബര്‍ 11നാണ് മമ്മൂട്ടി ജോയിന്‍ ചെയ്തിരുന്നത്. രണ്ട് മാസത്തോളമായി കൊച്ചിയില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. സിബിഐ ഫൈവ് പൂര്‍ത്തിയാക്കിയാല്‍ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി എം.ടി കഥകളെ ആധാരമാക്കി ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ആന്തോളജിയിലെ ചിത്രത്തിനായി മമ്മൂട്ടി ശ്രീലങ്കക്ക് തിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in