ടെക്‌നോളജി ഉപയോഗിച്ചല്ല സേതുരാമയ്യര്‍ കേസ് കണ്ടുപിടിക്കുന്നത്, ബുദ്ധിയാണ്: മമ്മൂട്ടി

ടെക്‌നോളജി ഉപയോഗിച്ചല്ല സേതുരാമയ്യര്‍ കേസ് കണ്ടുപിടിക്കുന്നത്, ബുദ്ധിയാണ്: മമ്മൂട്ടി

ടെക്‌നോളജി ഉപയോഗിച്ചല്ല സേതുരാമയ്യര്‍ കേസ് കണ്ടുപിടിക്കുന്നത് ബുദ്ധി ഉപയോഗിച്ചാണെന്ന് നടന്‍ മമ്മൂട്ടി. ദുബായില്‍ വെച്ച് നടന്ന സിബിഐ 5ന്റെ വാര്‍ത്ത സമ്മേളത്തിലായിരുന്നു പ്രതികരണം. കഴിഞ്ഞ നാല് സിനിമകളില്‍ സേതുരാമയ്യരെ വിശ്വസിച്ചത് പോലെ ഈ സിനിമയിലും വിശ്വസിക്കാവുന്നതെയുള്ളു എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

മമ്മൂട്ടിയുടെ വാക്കുകള്‍:

മൂന്ന് തലമുറയും നാല് തലമുറയും ഒക്കെ ആയിട്ടും ഇപ്പോഴും എന്നെ ഈ അപ്രഖ്യാപിത ദൈവം എന്ന് പറയുമ്പോള്‍ എനിക്ക് എന്തോ പോലെ തോന്നുന്നു. ഞാന്‍ എപ്പോഴും ഒരു മനുഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. സിബിഐ സീരീസിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. കാരണം മുന്നെയുള്ള സിനിമകള്‍ നിങ്ങള്‍ കണ്ട് പഴകിയതാണ്. സിബിഐയില്‍ സേതുരാമയ്യരുടെ കഥാപാത്രം വളരെ അവിചാരിതമായി വന്ന് പെട്ടതാണ്. അതിലൊരു പുതുമയൊന്നും നമുക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം ഇയാള്‍ പഴയ ആള്‍ തന്നെയാണ്. അപ്പോള്‍ അതില്‍ പുതുമ കൊണ്ട് വരാന്‍ നമുക്ക് സാധിക്കില്ല. അയാളുടെ അന്വേഷണ രീതികളൊന്നും പുതുമയുള്ളതാവാന്‍ സാധ്യതയില്ല.

പഴ ഇന്റലിജെന്‍സ് തന്നെയാണ്. ഒരുപാട് ടെക്‌നോളജി ഉപയോഗിച്ചിട്ടല്ല, നേരത്തെയും സേതുരാമയ്യര്‍ കേസ് കണ്ടുപിടിക്കുന്നത്. അത്തരം കാര്യങ്ങളെ അധികം ഡിപ്പന്റ് ചെയ്യാത്ത ഒരു അന്വേഷണ രീതിയാണ് സേതുരാമയ്യരുടേത്. പക്ഷെ അത് ഈ കാലത്ത് ഒരു പുതുമ തന്നെ ആയിരിക്കാം. പുതിയ പ്രേക്ഷകര്‍ക്ക് അത് പുതിയ കാര്യമായിരിക്കാം. കണ്ട് ശീലിച്ച വളരെ ചടുലമായ കേസ് അന്വേഷണ രീതികള്‍ക്ക് അപ്പുറത്തേക്ക് വളരെ ശ്രദ്ധയോടെ സൂക്ഷ്മമായി അന്വേഷിച്ചുകൊണ്ട് പോകുന്ന സേതുരാമയ്യര്‍ തന്നെയായിരിക്കും ഈ സിനിമയിലും ഉള്ളത്. നിങ്ങള്‍ കഴിഞ്ഞ നാല് പടത്തില്‍ സേതുരാമയ്യരെ വിശ്വസിച്ചത് പോലെ ഈ സിനിമയിലും വിശ്വസിക്കാവുന്നതെയുള്ളു. അല്ലാതെ അവിശ്വസിനീയമായതൊന്നും ഇല്ല. എങ്ങനെയായാലും നമുക്ക് സ്വാമിയെ വിശ്വസിച്ച് മുന്നോട്ട് പോകാം. ഞാനും ആ ധൈര്യത്തിലാണ് ഈ സിനിമയില്‍ അഭിനയിക്കാമെന്ന് ഏറ്റത്.

മെയ് 1നാണ് സിബിഐ 5: ദ ബ്രെയിന്‍ തിയേറ്ററില്‍ എത്തുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് സംവിധാനം. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, സൗബിന്‍ ഷാഹിര്‍, മുകേഷ്, സായികുമാര്‍, ജഗതി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.