'തേപ്പ്' എന്ന വാക്ക് ഭയങ്കരമായി ഗ്ലോറിഫൈ ചെയ്യുന്നതായി തോന്നി: മമിത ബൈജു

'തേപ്പ്' എന്ന വാക്ക് ഭയങ്കരമായി ഗ്ലോറിഫൈ ചെയ്യുന്നതായി തോന്നി: മമിത ബൈജു

തേപ്പ് എന്ന വാക്ക് ഭയങ്കരമായി ഗ്ലോറിഫൈ ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് നടി മമിത ബൈജു. മമിത അവതരിപ്പിച്ച ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോന്‍സ എന്ന കഥാപാത്രം തേപ്പുകാരിയാണ് എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതേ കുറിച്ച് ദ ക്യു അഭിമുഖത്തില്‍ സംസാരിക്കവെയാണ് മമിത തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

''എനിക്ക് തേപ്പ് എന്നൊരു വാക്ക് ഭയങ്കരമായി ഗ്ലോറിഫൈ ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. ഓപ്പറേഷന്‍ ജാവയ്ക്ക് മുമ്പുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആ സീനിനെ കുറിച്ച് തരുണേട്ടന്‍ എന്നോട് പറയുമ്പോഴെ ഇത് അത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. കാരണം പല ചിന്താഗതികളുള്ള പ്രേക്ഷകരാണ്. അവര്‍ക്കെല്ലാം തന്നെ പല അനുഭവങ്ങളുമാണ് ഉള്ളത്. അപ്പോള്‍ അവരുടെ ചിന്താഗതി അനുസരിച്ച് ഇരിക്കും ആ കഥാപാത്രം എങ്ങനെ ചര്‍ച്ച ചെയ്യപ്പെടുന്ന എന്നത്. പിന്നെ അല്‍ഫോന്‍സ എന്ന കഥാപാത്രത്തിന്റെ കാര്യത്തില്‍ സാഹചര്യമാണ് വില്ലന്‍. അല്ലാതെ ആന്റണിയോ അല്‍ഫോന്‍സയോ അല്ല അവിടെ കുറ്റക്കാര്‍.'' - എന്നാണ് മമിത പറഞ്ഞത്.

അതേസമയം സൂപ്പര്‍ ശരണ്യയാണ് അവസാനമായി പുറത്തിറങ്ങിയ മമിതയുടെ സിനിമ. ചിത്രത്തില്‍ സോന എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 7നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ മമിതയുടെ കഥാപാത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ അനശ്വര രാജനായിരുന്നു കേന്ദ്ര കഥാപാത്രം. ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.