മനപൂര്‍വം ആക്രമിച്ചതെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം: നടി ആക്രമിക്കപ്പെട്ട കേസില്‍ മല്ലിക സുകുമാരന്‍

മനപൂര്‍വം ആക്രമിച്ചതെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം: നടി ആക്രമിക്കപ്പെട്ട കേസില്‍ മല്ലിക സുകുമാരന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍. അതിജീവിതയ്ക്ക് എതിരെയുണ്ടായ ആക്രമണം മനപൂര്‍വമാണെങ്കില്‍ അത് ചെയ്തയാള്‍ ശിക്ഷിക്കപ്പെടണം. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് തെളിയിക്കാന്‍ നീതി ന്യായ വ്യവസ്ഥ ബാധ്യസ്ഥരാണെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഈ സംഭവം ഈ നാട്ടിലെ ഓരോ പൗരന്റെയും മനസില്‍ ഉണ്ടായിരിക്കണം. കാരണം ഇത് നാളെ മറ്റൊരു കുടുംബത്തില്‍ സംഭവിക്കാന്‍ പാടില്ല. ഇത്തരം അക്രമങ്ങള്‍ പാടെ തുടച്ച് നീക്കുന്ന ശിക്ഷ വിധികള്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

മല്ലിക സുകുമാരന്റെ വാക്കുകള്‍:

ഞങ്ങളൊക്കെ സിനിമയില്‍ വരുന്ന സമയത്ത് സിനിമാ മേഖലയെ മോശമായി കാണുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. സിനിമാക്കാരിയെന്ന് വളരെ പുച്ഛത്തോടെ വിളിച്ചിരുന്നവരുണ്ടായിരുന്നു ഇവിടെ. ആ കാലഘട്ടത്തിലാണ് ഞങ്ങള്‍ അഭിനയിക്കാന്‍ വന്നത്. അതിന്റേതായ പേടി ഞങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്നു. സിനിമ വേണ്ടെന്ന് വെക്കാനും അന്ന് തോന്നിയിരുന്നു. അതുകൊണ്ട് സിനിമയില്‍ ഉള്ളവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഈ മേഖലയില്‍ ഏറ്റവും മാന്യമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ജനങ്ങളുടെ മുന്‍പില്‍ തെളിയിക്കുക എന്നതാണ്. നൂറായിരം സംഘടനകള്‍ ഉണ്ടാക്കിയിട്ട് ഇവിടെ കാര്യമില്ല. സംഘടനയ്ക്കകത്ത് നൂറ് പേരില്‍ പത്ത് പേര്‍ക്ക് സ്വാര്‍ത്ഥമായ താത്പര്യമുണ്ടെങ്കില്‍ സംഘടനയുടെ സുഖം അവിടെ തീര്‍ന്നു. സംഘടന വേണം. അത് നല്ല കാര്യമാണ്. പക്ഷേ നമ്മള്‍ ഒരു കുടുംബത്തില്‍ നില്‍ക്കുന്നവര് തന്നെ തമ്മിലടിയായാലോ. ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാകും.

ഞാന്‍ പലപ്പോഴും ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ചിന്തിക്കാറുണ്ട്, ഈ കേള്‍ക്കുന്നത് എല്ലാം സത്യം തന്നെയാണോ എന്ന്. എന്തിനാണ് സിനിമയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. കാരണം, ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഒരു സംഭവം സിനിമ മേഖലയില്‍ നടന്നു എന്നാണ് വലിയ വാര്‍ത്തയായി വന്നത്. അതിന് എതിരെ സ്ത്രീകളുടെ സംഘടന വന്നു, അമ്മ പ്രതികരിച്ചു. അമ്മ എന്ന സംഘടനയ്ക്ക് പ്രതികരിക്കാന്‍ ഒരുപാട് പരിമിതികള്‍ ഉണ്ട്. കാരണം രണ്ട് വിഭാഗങ്ങളായാണ് അവിടെ ആളുകള്‍ നില്‍ക്കുന്നത്. ഒരു കൂട്ടര്‍ വെറുതെ ഒരു പക്ഷത്തെ പിടിച്ച് നില്‍ക്കുന്നു. മറുകൂട്ടര്‍ ഇപ്പുറത്തെ പക്ഷത്തെ പിന്തുണയ്ക്കുന്നു.

എനിക്ക് ഒന്നേ പറയാനുള്ളു. സംഭവിക്കാനുള്ളത് സംഭവിച്ചു. അതിന് ആര് എന്ത് സമാധാനം പറയും. ഇതിന്റെ ഉത്തരം മാത്രം കേട്ടാല്‍ മതി എന്നെ പോലുള്ള സ്ത്രീകള്‍ക്ക്. ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇന്നയാള്‍ അല്ല കുറ്റവാളിയെങ്കില്‍ പിന്നെ ആരാണ്? ഇതാണ് ഞാന്‍ അടക്കമുള്ള പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

ആരോടും ഒരു പകയും വിദ്വേഷവും തെറ്റും ചെയ്യാത്ത ഒരു കുട്ടി ഇത്രയും വേദനിച്ചത് എന്തുകൊണ്ട്. അതിന്റെ പിന്നില്‍ ആര്? അത് കണ്ടുപിടിക്കാന്‍ ഇവിടുത്തെ നീതിന്യായ വകുപ്പ് അടക്കം ബാധ്യസ്ഥരാണ്. അത് ചെയ്യുമെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ പറയുകയാണ്, ആ വിഷമം ഈ നാട്ടിലെ ഓരോ പൗരന്റെയും മനസില്‍ ഉണ്ടായിരിക്കണം. കാരണം നാളെ നമ്മുടെ കുടുംബത്തിലോ, നമ്മുടെ വേണ്ടപ്പെട്ട മറ്റൊരു കുടുംബത്തിലോ ഇങ്ങനെയൊരു സംഭവം ഉണ്ടാകാന്‍ പാടില്ല. ഇതൊക്കെ പാടെ തുടച്ച് നീക്കുന്ന ശിക്ഷ വിധികള്‍ വരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഇല്ലെങ്കില്‍ എങ്ങനെയാണ് നാളെ പെണ്‍കുട്ടികളെ ഈ കേരളത്തിലൂടെ ഇറക്കിവിടുന്നത്? പിന്നെ അത്തരമൊരു സംഭവം ആരെങ്കിലും മനപൂര്‍വം ചെയ്തതാണെങ്കില്‍ അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം.

Related Stories

No stories found.
logo
The Cue
www.thecue.in