മാരി സെൽവരാജ് ചിത്രം 'മാമന്നൻ' ചിത്രീകരണം പൂർത്തിയാക്കി; സിനിമയിൽ ഫഹദ് ഫാസിൽ വില്ലൻ

മാരി സെൽവരാജ് ചിത്രം 'മാമന്നൻ' ചിത്രീകരണം പൂർത്തിയാക്കി; സിനിമയിൽ ഫഹദ് ഫാസിൽ വില്ലൻ

ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്റെ' ചിത്രീകരണം സേലത്ത് പൂർത്തിയായി. ഉദയനിധി സ്റ്റാലിൻ നായകനാവുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. വിക്രത്തിനു ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടെയാണ് മാമന്നൻ.

കർണ്ണന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. ചിത്രത്തിൽ ഫഹദ് വില്ലനായാണ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങൾ മുൻപുതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആണ് ഫഹദ് ഫാസിലിന്റെ അവസാന തമിഴ് ചിത്രം. മലയാളത്തില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ' മലയന്‍കുഞ്ഞ്' ആണ് ഒടുവിൽ റിലീസ് ആയത്. മാമന്നനിൽ വടിവേലുവും മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

സിനിമയിലെ സംഗീതമൊരുക്കുന്നത് എ.ആർ റഹ്മാനാണ്. ഉദയനിധി സ്റ്റാലിൻ നിർമ്മാണം നിർവഹിക്കുന്ന സിനിമ റെഡ് ജയന്റ് മൂവീസിന്റെ തന്നെ ബാനറിലാണ് തീയേറ്ററിൽ എത്തുക. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വർ ആണ്. മാരി സെൽവരാജിന്റെ പരിയെരും പെരുമാളും, കർണ്ണനും എഡിറ്റ് ചെയ്തിട്ടുള്ള സെൽവയാണ് മാമന്നന്റെയും എഡിറ്റിംഗ് നിർവഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു.

Related Stories

No stories found.
The Cue
www.thecue.in