ഫഹദിനെ വിശ്വസിച്ച് ഏത് കഥാപാത്രവും എഴുതാം, ആ കണ്ണില്‍ എന്തോ ഉണ്ട്: ലോകേഷ് കനകരാജ്

ഫഹദിനെ വിശ്വസിച്ച് ഏത് കഥാപാത്രവും എഴുതാം, ആ കണ്ണില്‍ എന്തോ ഉണ്ട്: ലോകേഷ് കനകരാജ്

ഫഹദ് ഫാസിലിനെ വിശ്വസിച്ച് ഏത് കഥാപാത്രത്തെ വേണമെങ്കിലും എഴുതാന്‍ സാധിക്കുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. ഫഹദ് ഒരു സീനിനെ അപ്രോച്ച് ചെയ്യുന്ന രീതി ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും. അഭിനയിക്കുകയാണെന്ന് പോലും തോന്നില്ല. ആ കണ്ണില്‍ എന്തോ ഉണ്ടെന്നും ലോകേഷ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തില്‍ വലിയ സ്റ്റാറാണെങ്കിലും അത്തരത്തില്‍ ഉള്ള പെരുമാറ്റമൊന്നും ഫഹദിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഫഹദിനൊപ്പമുള്ള അനുഭവം താന്‍ വിചാരിച്ചതിന് വിപരീതമായിരുന്നു എന്നും ലോകേഷ് പറയുന്നു. 'ഫഹദിനൊപ്പം ഭയങ്കര ജോളിയായാണ് ഷൂട്ടിംഗ് ചെയ്തത്. കമല്‍ സാര്‍ സെറ്റില്‍ ഉള്ളപ്പോള്‍ എല്ലാവരും ഭയങ്കര കോണ്‍ഷ്യസായി ശബ്ദം ഒന്നും ഉണ്ടാക്കാതെ ആണ് ഇരിക്കുന്നത്. സാറ് പോയി സേതു അണ്ണന്‍ വന്നാലും ഭയങ്കര ജോളിയാണ്. അതുപോലെയാണ് ഫഹദ് സാര്‍ വന്നാലും. മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ ഫഹദ് എന്നെ മച്ചാന്‍ എന്നാണ് വിളിച്ചിരുന്നത്. പക്ഷെ ഞാന്‍ സാര്‍ എന്നേ വിളിക്കൂ എന്ന് ഫഹദിനോട് പറഞ്ഞിരുന്നു. ഫഹദ് സാറിനൊപ്പം ഉള്ള എല്ലാ ദിവസവും രസകരമായിരുന്നു'വെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

വിക്രമില്‍ ആദ്യം തന്നെ ഫഹദ് ഷൂട്ട് ചെയ്തത് ഇന്റര്‍വെല്‍ സീനാണ്. തുടക്കം തന്നെ ഫേസ് ഓഫ് സീനായിരുന്നു. അന്ന് ഫഹദ് ചോദിച്ചിരുന്നു, തുടക്കം തന്നെ ഈ സീനാണോ ചെയ്യിപ്പിക്കുന്നത് എന്ന്. പക്ഷെ എല്ലാവരുടെയും ഡേറ്റ് കാരണം വേറെ സമയം ഇല്ലായിരുന്നുവെന്നും ലോകേഷ് പറഞ്ഞു.

ജൂണ്‍ 3ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 250 കോടി കളക്ട് ചെയ്തു. ഇതോടെ ചിത്രം 2022ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം നൂറ് കോടിയാണ് നേടിയത്. റിലീസ് ദിനം തന്നെ തമിഴ് നാട്ടില്‍ നിന്ന് ചിത്രം 30 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.

The Cue
www.thecue.in