'അവസാന ദിവസം കമൽ സർ വാച്ച് സമ്മാനമായി നൽകി, അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് കയ്യിൽക്കെട്ടാൻ പറഞ്ഞു'; ലോകേഷ് കനഗരാജ്

'അവസാന ദിവസം കമൽ സർ വാച്ച് സമ്മാനമായി നൽകി, അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് കയ്യിൽക്കെട്ടാൻ പറഞ്ഞു'; ലോകേഷ് കനഗരാജ്

വിക്രമിന്റെ അവസാന ദിവസം തനിക്ക് കമൽ ഹാസൻ വാച്ച് സമ്മാനമായി നൽകിയെന്ന് ലോകേഷ് കനഗരാജ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കമൽ സാറിന്റെ കണ്ണ് നിറയുന്ന സീൻ മോണിറ്ററിൽ കണ്ടപ്പോൾ ഒരുപാട് ഇമോഷണൽ ആയെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

'വിക്രമിൽ കമൽ സാറിന്റെ കണ്ണ് നിറയുന്ന ഒരു സീനുണ്ടായിരുന്നു. അത് ഷൂട്ട് ചെയ്യുമ്പോൾ കമൽ സാറിനെ മോണിറ്ററിൽ കണ്ടപ്പോൾ ഞാനും എന്റെ സഹസംവിധായകനും ഒരുപാട് ഇമോഷണലായി. വിക്രമിന്റെ അവസാന ദിവസത്തെ ഷൂട്ട് വളരെ ബുദ്ധിമുട്ടായിരുന്നു. അവസാന ദിവസങ്ങളിൽ കുറെ നൈറ്റ് ഷോട്ടുകൾ എടുക്കാനുണ്ടായിരുന്നു. അതിനോടൊപ്പം തന്നെ തനിക്ക് ഒരുപാട് സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും' ലോകേഷ് കനഗരാജ് പറയുന്നു.

കമൽ ഹാസന്റെ വിക്രമിലെ അവസാന ഷോട്ടും വളരെയധികം ഇമോഷണൽ ആയിരുന്നുവെന്നും തന്നെ ഞെട്ടിച്ചുകൊണ്ട് ആ ഷോട്ട് കഴിഞ്ഞതും കമൽ സർ തന്നെ കാരവനിലേക്ക് വിളിച്ച്, 'ഞാൻ സെറ്റിൽ ഒരുപാട് ഹാപ്പിയായിരുന്നു' എന്ന് പറഞ്ഞുവെന്നും ലോകേഷ് കനഗരാജ് പറഞ്ഞു. 'അവസാന ദിവസം എനിക്കൊരു വാച്ച് സമ്മാനമായി നൽകികൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ആ വാച്ച് കെട്ടാൻ ആവശ്യപ്പെട്ടു. അത് വളരെ വിലപ്പെട്ടതാണ്, ഞാൻ അത് നിധിപോലെ സൂക്ഷിക്കും', ലോകേഷ് പറഞ്ഞു.

ജൂണ്‍ 3ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 250 കോടി കളക്ട് ചെയ്തു. ഇതോടെ ചിത്രം 2022ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം നൂറ് കോടിയാണ് നേടിയത്. റിലീസ് ദിനം തന്നെ തമിഴ് നാട്ടില്‍ നിന്ന് ചിത്രം 30 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.

The Cue
www.thecue.in