'ക്ലാസിക് ആവേണ്ട സിനിമ ആയിരുന്നു, എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല', മോഹന്‍ലാല്‍ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് ലാല്‍ ജോസ്

'ക്ലാസിക് ആവേണ്ട സിനിമ ആയിരുന്നു, എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല',  മോഹന്‍ലാല്‍ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് ലാല്‍ ജോസ്

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ 'വെളിപാടിന്റെ പുസ്തകം' ക്ലാസിക് ആകേണ്ട ചിത്രമായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ ജോസ്. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റുന്നില്ലെന്നും മാതൃഭൂമി വരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു.

ഏറെ പ്രതീക്ഷയുണ്ടായിരുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമ വിചാരിച്ചതു പോലെ ഹിറ്റായില്ല, എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ മറുപടി. ഒമ്പതു ദിവസം കൊണ്ടാണ് ചിത്രത്തിന്റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയതെന്നും, തിരക്കു കൂട്ടാതെ ഒടിയന്‍ കഴിഞ്ഞ് മതി എന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ ചിത്രം നന്നായേനെയെന്നും ലാല്‍ ജോസ് പറഞ്ഞു.

ലാല്‍ ജോസിന്റെ വാക്കുകള്‍:

'ലാലേട്ടനു വേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. വളരെ യാദൃശ്ചികമായി ബെന്നി പി.നായരമ്പലം എന്നോട് പറഞ്ഞ ചിന്തയില്‍ നിന്നാണ് 'വെളിപാടിന്റെ പുസ്തകം' പിറക്കുന്നത്. നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടി വരുന്നു. ആ വേഷം അയാളില്‍ നിന്ന് ഇറങ്ങിപോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് എനിക്ക് തോന്നി. ക്ലാസിക് ആകേണ്ട സിനിമയായിരുന്നു. എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല.

വെറും ഒമ്പത് ദിവസം കൊണ്ടാണ് അതിന്റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയത്. 'ഒടിയന്‍' തുടങ്ങുന്നതിന് മുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചതും. നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി. സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്.

'അയാളും ഞാനും തമ്മില്‍' ഒന്നര വര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചര്‍ച്ച ചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ ഞാന്‍ മറ്റ് ചില പ്രോജക്ടുകളും ചെയ്തു. പക്ഷെ, 'വെളിപാടിന്റെ പുസ്തക'ത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പതുദിവസം കൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവര്‍ക്കത് ഇഷ്ടമായി. ലാലേട്ടന്‍ ഒന്നുരണ്ടു ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനൊക്കെ മറുപടി കൊടുത്തു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചര്‍ച്ചക്കോ പുനരാലോചനക്കോ സമയം കിട്ടിയില്ല.

ഇതിന് മുമ്പ് കസിന്‍സ്, ബലരാമന്‍ എന്നീ പ്രോജക്ടുകള്‍ ഞാന്‍ ലാലേട്ടനെ വെച്ച് ഞാന്‍ ആലോചിച്ചിരുന്നു. ബലരാമനാണ് പിന്നീട് പദ്മകുമാര്‍ ശിക്കാര്‍ എന്ന പേരില്‍ സിനിമയാക്കിയത്. പ്ലാന്‍ ചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കില്‍ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'തട്ടിന്‍പുറത്ത് അച്യുതനി'ല്‍ എനിക്ക് കുറ്റബോധമില്ല. 'വെളിപാടിന്റെ പുസ്ത'ത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്. തിരക്കു കൂട്ടാതെ 'ഒടിയന്‍' കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെ. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ചെയ്ത സിനിമയാണ്. മോഹന്‍ലാല്‍ എന്ന നടനൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ചതാണ് 'വെളിപാടിന്റെ പുസ്തകം.'

Related Stories

No stories found.
logo
The Cue
www.thecue.in