കൊവിഡിലെ ആദ്യ 100 കോടിയിലേക്ക്, 'കുറുപ്പ്' 75കോടി പിന്നിട്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

കൊവിഡിലെ ആദ്യ 100 കോടിയിലേക്ക്, 'കുറുപ്പ്' 75കോടി പിന്നിട്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് ബോക്‌സ് ഓഫീസില്‍ 75 കോടി കളക്ഷന്‍ നേടി. ഇതുവരെ ലോകവ്യാപകമായി 35,000 ഷോകളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയത്തില്‍ ദുല്‍ഖര്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു. പ്രാര്‍ത്ഥനയോടെ റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ സ്‌നേഹത്തോടെ സ്വീകരിച്ചുവെന്ന് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം കുറുപ്പ് നാല് ദിവസം കൊണ്ടാണ് അമ്പത് കോടി ക്ലബില്‍ ഇടം നേടിയത്. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുമോ എന്ന ആശങ്കയ്ക്ക് മാറ്റം വരുത്തിയ ചിത്രം കൂടിയായിരുന്നു കുറുപ്പ്.

1500 തിയറ്ററുകളിലായി നവംബര്‍ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ടായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത്, ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നായിരുന്നു.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു കുറുപ്പ്. 35 കോടിയായിരുന്നു കുറുപ്പിന്റെ മുടക്കുമുതല്‍. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നീണ്ടത്. ചിത്രത്തില്‍ ദുല്‍ഖറിന് പുറമെ ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത് സുകുമാരന്‍, ശോഭിത ധുലിപാല, സണ്ണി വെയിന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in