മരക്കാര്‍ രാജ്യസ്‌നേഹി, ജാതിക്കും മതത്തിനും മുകളിലാണ് അദ്ദേഹത്തിന് രാജ്യം: പ്രിയദര്‍ശന്‍

മരക്കാര്‍ രാജ്യസ്‌നേഹി, ജാതിക്കും മതത്തിനും മുകളിലാണ് അദ്ദേഹത്തിന് രാജ്യം: പ്രിയദര്‍ശന്‍

കുഞ്ഞാലി മരക്കാര്‍ രാജ്യസ്‌നേഹിയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ജാതിക്കും മതത്തിനും മുകളിലാണ് മരക്കാറിന് അദ്ദേഹത്തിന്റെ രാജ്യമെന്നും പ്രിയദര്‍ശന്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2നാണ് റിലീസ് ചെയ്യുന്നത്.കോഴിക്കോട്ട സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലി മരക്കാറിനെ കുറിച്ചാണ് ചിത്രം പറയുന്നത്.

'കുഞ്ഞാലി മരക്കാര്‍ ഒരു രാജ്യസ്‌നേഹിയാണ്. ജാതിക്കും മതത്തിനും മുകളിലാണ് മരക്കാറിന് അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള സ്‌നേഹം. ഇതാണ് ഈ സിനിമയിലൂടെ ഞാന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലി മരക്കാറിന് അത് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ടാണ് നമ്മള്‍ക്ക് മതത്തിനും ജാതിക്കുമെല്ലാം മുകളില്‍ രാജ്യത്തെ കാണാന്‍ സാധിക്കാത്ത്. ഞാനൊരു സംവിധായകനാണ്. അതാണ് എന്റെ ജീവിത മാര്‍ഗവും. സിനിമയില്‍ മതമോ രാഷ്ട്രീയമോ ഇല്ല. അത് അങ്ങനെ തന്നെയായിരിക്കണം.'- പ്രിയദര്‍ശന്‍

3300 സ്‌ക്രീനുകളിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 600 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തു. പുലര്‍ച്ചെ 12 മണിക്കാണ് കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

രണ്ടര വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മരക്കാര്‍. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാരിന്റെയും ഫിലിം ചേമ്പറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് തീരുമാനമായത്.

Related Stories

No stories found.
logo
The Cue
www.thecue.in